ബിനാലെ സംഗീത വേദിയില്‍ സാന്ത്വനഗീതവുമായി അച്ഛനും മകളും

412

കൊച്ചി : ബിനാലെ സംഗീതവേദിയില്‍ സാന്ത്വനഗീതവുമായി ഗായകരായ അച്ഛനും മകളുമെത്തി. ഒന്‍പതുകാരിയായ മകള്‍ റെനയ്‌ക്കൊപ്പം സംഗീതത്തിലും തന്റെ കഴിവ് തെളിയിക്കാന്‍ വേദിയിലെത്തിയത് എന്‍ജിനീയറായ ജോജു ജോണ്‍ മാത്യു ആണ്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ എറണാകുളം ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്രതിവാരം സംഘടിപ്പിക്കുന്ന ആര്‍ട്ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയിലായിരുന്നു അച്ഛന്റെയും മകളുടെയും സംഗീതപ്രകടനം. സൗദി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ റെന സൂസന്‍ മാത്യു പ്രാര്‍ഥനാഗീതത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത.് മോഹന്‍ലാല്‍ ചിത്രമായ ദേവാസുരത്തിലെ മേടപ്പൊന്നണിയും കൊന്ന പൂക്കണിയായ്.. എന്ന ഗാനം ജോജു ആലപിച്ചു. തുടര്‍ന്ന് ഉള്ളടക്കം എന്ന ചിത്രത്തിലെ അന്തിവെയില്‍ പൊന്നുതിരും.. എന്ന ഗാനം ജോജു ആലപിച്ചതിനുശേഷം കളിമണ്ണ് എന്ന ചിത്രത്തിലെ ലാലീ ലാലി.. എന്ന താരാട്ട് റെന പാടി.

പന്ത്രണ്ടോളം ഗാനങ്ങള്‍ വേദിയില്‍ അവതരിപ്പിച്ച അച്ഛനും മകളും മോഹന്‍ലാല്‍ ചിത്രമായ താളവട്ടത്തിലെ പൊന്‍വീണേ എന്നുള്ളില്‍.. എന്ന യുഗ്മഗാനവും ആലപിച്ചു. നിറഞ്ഞ കൈയടിയോടെയാണ് ആശുപത്രി പരിസരത്തു കൂടിയിരുന്ന സദസ്സ് ഗാനങ്ങള്‍ സ്വീകരിച്ചത് മലയാളഗാനങ്ങള്‍ക്കൊപ്പം ജോജു ‘ജബ് ദീപ് ജലേ ആനാ..’ എന്ന ഹിന്ദി ഗാനവും ആലപിച്ചു. ശ്രോതാക്കളെ അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ട് ഗാനങ്ങള്‍ റെനയും ആലപിച്ചിരുന്നു. ബാല്യകാലം മുതല്‍ തന്നെ സംഗീതത്തില്‍ താല്‍പര്യമുണ്ടായിരുന്ന ജോജു ഇപ്പോള്‍ സൗദി അറേബ്യയില്‍ എന്‍ജിനീയറാണ്. സിംഫണി എന്ന സംഗീത ഗ്രൂപ്പിന്റെ മുഖ്യഗായകനായ അദ്ദേഹം കൊയര്‍മാസ്റ്ററും പിയാനോ വിദഗ്ധനും ആണ്. സിംഫണിക്കായി വേദിയിലെത്താറുള്ള റെന സ്‌കൂളിലെ സാംസ്‌കാരിക പരിപാടികളിലും പങ്കെടുക്കാറുണ്ട്. കലയിലൂടെ രോഗികള്‍ക്ക് സാന്ത്വനം നല്‍കുന്നതിനായി മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയുമായി ചേര്‍ന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ എല്ലാ ബുധനാഴ്ച്ചയും സംഘടിപ്പിക്കുന്ന ആര്‍ട്ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയുടെ 184ാം പതിപ്പാണ് നടന്ന​​ത്. സിഎഎഫ്എസ് (കാസിനോ എയര്‍ കേറ്ററേഴ്‌സ് ആന്‍ഡ് ഫ്‌ളൈറ്റ് സര്‍വീസസ്) ആണ് സ്‌പോണ്‍സര്‍മാര്‍.

NO COMMENTS