ആറ്റുകാൽ പൊങ്കാലയിൽ പങ്കാളികളാകാൻ നഗരത്തിലെത്തുന്ന സ്ത്രീകളുടെ സുരക്ഷയും സൗകര്യവുമുറപ്പാക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കണം ; മുഖ്യമന്ത്രി പിണറായി വിജയൻ

171

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിൽ പങ്കാളികളാകാൻ നഗരത്തിലെത്തുന്ന സ്ത്രീകളുടെ സുരക്ഷയും സൗകര്യവുമുറപ്പാക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂട്ടമായി വഴിയരുകിൽ പൊങ്കാലയിടുന്ന സ്ത്രീകളുടെ ആരോഗ്യപരിരക്ഷയ്ക്കായി റോഡുകൾ നല്ലരീതിയിൽ ശുചീകരിക്കണം. നഗരസഭ പൊങ്കാലയ്ക്ക‌്‌ മുന്നോടിയായി ഒരുക്കങ്ങൾ മാതൃകാപരമായി നടത്താറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ ആറ്റുകാലിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മറ്റ‌് ജില്ലകളിൽനിന്ന‌് വരുന്ന സ്ത്രീകൾക്കാവശ്യമായ മൊബൈൽ ശുചിമുറികൾ, കുളിമുറികൾ എന്നിവയും ഉറപ്പാക്കണം. സംഭവിക്കാനിടയുള്ള പ്രശ‌്നങ്ങൾ മുൻകൂട്ടി കണ്ട‌് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ ക്ഷേത്ര ട്രസ‌്റ്റും വിവിധ വകുപ്പുകളും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകൾ നടത്തിയ മുന്നൊരുക്കങ്ങളിൽ അദ്ദേഹം തൃപ്തി പ്രകടിപ്പിച്ചു.ശുചീകരണത്തിനായി 2800 തൊഴിലാളികളെ നിയോഗിച്ചതായി മേയർ വി കെ പ്രശാന്ത‌് പറഞ്ഞു. 42 ലക്ഷം ചെലവിൽ തെരുവുവിളക്കുകൾ മാറ്റി സ്ഥാപിക്കുന്നു. 1600 വനിതാ പൊലിസ‌്, 50 വനിത കമാൻഡോസ‌് ഉൾപ്പെടെ 3700 പൊലിസുകാരെ പൊങ്കാല ഡ്യൂട്ടിക്ക‌് വിന്യസിച്ചതായി സംസ്ഥാന പൊലിസ‌് മേധാവി ലോക‌്നാഥ‌് ബെഹ‌്റ പറഞ്ഞു. ചൊവ്വാഴ്ച മുതൽ നഗരത്തിൽ സിസിടിവി നിരീക്ഷണം കർശനമാക്കി. തമിഴ‌്നാട‌്, കർണാടകം എന്നിവിടങ്ങളിൽനിന്ന‌് എത്തുന്ന വനിതാ പൊലീസുകാരെ സ്പോട്ടർമാരായി ഉപയോഗിക്കും. ജനമൈത്രി പൊലീസിനെയും വിന്യസിക്കും. പൊങ്കാല ആവശ്യങ്ങൾക്കായി 1240 ടാപ്പുകൾ സ്ഥാപിക്കുന്നത‌് ശനിയാഴ്ചയോടെ പൂർത്തിയാക്കുമെന്ന‌് ജല അതോറിറ്റി അധികൃതർ അറിയിച്ചു. ആവശ്യമെങ്കിൽ കുടിവെള്ളമെത്തിക്കാൻ ജല അതോറിറ്റിയുടെ ടാങ്കർ ലോറികൾക്ക‌് പുറമെ നഗരസഭയുടെയും പൊലിസിന്റെയും വാഹനങ്ങളും വിട്ടുനൽകാമെന്ന‌് ഉറപ്പുനൽകി. ആറ്റുകാൽ ടൗൺഷിപ്പിലെ ആറുകിലോമീറ്റർ സ്ഥലത്ത‌് സുരക്ഷ ഉറപ്പാക്കാൻ ഭൂഗർഭ കേബിളുകൾ സ്ഥാപിച്ചതായി കെഎസ‌്ഇബി ചെയർമാൻ എൻ എസ‌് പിള്ള പറഞ്ഞു. കെഎസ‌്ആർടിസി കൂടുതൽ ബസ‌് സർവീസുകൾ ആരംഭിച്ചു. തിരക്ക‌് വർധിക്കുമ്പോൾ കൂടുതൽ സർവീസുകൾ തുടങ്ങും.ക്ഷേത്രപരിസരത്തെ 13 റോഡിലായി 18 കിലോമീറ്റർ അറ്റകുറ്റപ്പണി പൂർത്തിയാക്കിയതായി പിഡബ്ല്യുഡി അറിയിച്ചു. ക്ഷേത്രപരിസരത്ത‌്‌ ആരോഗ്യവകുപ്പിന്റെ ആംബുലൻസ‌്, മെഡിക്കൽ സംഘം, ശിശുരോഗവിദഗ‌്ധർ അടക്കമുള്ള സംവിധാനങ്ങൾ സജ്ജമായി. ക്ഷേത്രത്തിന്റെ മൂന്ന‌് കിലോമീറ്റർ ചുറ്റളവിലെ ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ‌് പരിശോധന പൂർത്തിയാക്കി. യോഗത്തിൽ അധ്യക്ഷനായ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. എംഎൽഎമാരായ വി എസ‌് ശിവകുമാർ, ഒ രാജഗോപാൽ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, എഡിജിപി മനോജ‌് എബ്രഹാം, അനിൽകാന്ത‌്, വിവിധ വകുപ്പ‌് പ്രതിനിധികൾ, ക്ഷേത്ര ട്രസ്‌റ്റ‌് ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

NO COMMENTS