തിരുവനന്തപുരം : സ്‌കോൾ-കേരള മുഖേനയുളള ഹയർ സെക്കൻഡറി ഓപ്പൺ റെഗുലർ, പ്രൈവറ്റ് വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. ജൂൺ ഒന്ന് മുതൽ www.scolekerala.org യിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഓപ്പൺ റെഗുലർ വിഭാഗത്തിൽ സയൻസ് ഗ്രൂപ്പിൽ ഉൾപ്പെടെ പ്രാക്ടിക്കലുളള, തിരഞ്ഞെടുത്ത വിഷയ കോമ്പിനേഷനുകളിൽ രജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുത്ത സർക്കാർ ഹയർസെൻഡറി സ്‌കൂളുകളാണ് പഠനകേന്ദ്രങ്ങളായി അനുവദിക്കുക. സ്വയംപഠനസഹായികളും, ലാബ് സൗകര്യവും, പൊതു അവധി ദിവസങ്ങളിൽ സമ്പർക്ക ക്ലാസ്സുകളും വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗത്തിൽ തെരഞ്ഞെടുത്ത കോമ്പിനേഷനുകളിൽ പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങളിലാണ് പ്രൈവറ്റ് രജിസ്‌ട്രേഷന് സൗകര്യമുളളത്.
ഇരുവിഭാഗത്തിലും രണ്ട് ഘട്ടങ്ങളായാണ് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തേണ്ടത്. വിദ്യാർഥിയുടെ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തി, നിർദിഷ്ട ഫീസ് അടയ്ക്കുന്നതിനുളള ചെലാൻ ജനറേറ്റ് ചെയ്യുന്നതുവരെയാണ് ഒന്നാം ഘട്ടം. നിശ്ചിത ഫീസ് പോസ്റ്റ് ഓഫീസിൽ അടയ്ക്കുമ്പോൾ നൽകുന്ന രസീതിലെ 19 അക്ക ഇൻവോയിസ് നമ്പർ ഓൺലൈൻ അപേക്ഷയിലെ നിർദിഷ്ട ഫീൽഡിൽ രേഖപ്പെടുത്തി, ഫീസ് അടച്ച തിയതി, പോസ്റ്റ് ഓഫീസിന്റെ പേര്, മറ്റ് വിവരങ്ങളും ഉൾപ്പെടുത്തി അപേക്ഷ ഫോം പ്രിന്റ് എടുക്കുന്നതാണ് രണ്ടാം ഘട്ടം.
ഫീസടയ്ക്കുന്നതിന് ജനറേറ്റ് ചെയ്ത് ലഭ്യമാകുന്ന ബാർകോഡ് സഹിതമുളള ചെലാൻ ഉപയോഗിച്ച് സംസ്ഥാനത്തെ ഏത് പോസ്റ്റ് ഓഫീസിലും ഫീസ് അടയ്ക്കാം. പിഴ കൂടാതെ ജൂൺ 26 വരെയും, 60 രൂപ പിഴയോടെ ജൂലൈ രണ്ട് വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷന് ശേഷം രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുളള അപേക്ഷകൾ, അതത് ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം-12 എന്ന വിലാസത്തിൽ നേരിട്ടോ, സ്പീഡ്/രജ്‌സ്റ്റേർഡ് തപാൽ മാർഗ്ഗമോ എത്തിക്കണം. ഫീസ് വിവരങ്ങൾക്കും രജിസ്‌ട്രേഷനുളള മാർഗ നിർദ്ദേശങ്ങൾക്കും പ്രോസ്‌പെക്ടസിനും സ്‌കോൾ – കേരളയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0471-2342950, 2341271, 2342369.