തിരുവനന്തപുരം: പോലീസില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ കഴിയാത്ത മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ വിവരങ്ങള്‍ പോലീസ് ആര്‍എസ്എസിനു ചോര്‍ത്തി നല്‍കിയെന്നാണു മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയെങ്കില്‍ അതു ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആര്‍എസ്എസിനു വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ ആരെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പോലീസിനെ മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സേനയാക്കി മാറ്റാനാണു അദ്ദേഹം ശ്രമിക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിഷ്ക്രിയത്വം അല്ലെങ്കില്‍ അതിക്രമം ഇതാണ് ഇപ്പോള്‍ സംസ്ഥാന പോലീസിന്റെ മുഖമുദ്ര. ജനവിരുദ്ധമായ നയങ്ങളാണു പോലീസ് സ്വീകരിയ്ക്കുന്നത്. മുന്‍പൊന്നും കണ്ടിട്ടില്ലാത്ത വിധം പോലീസ് ഭീകരതയാണു കേരളത്തില്‍ നടക്കുന്നത്. ഉരുട്ടിക്കൊലയും മര്‍ദനവും ശീലമാക്കിയ പോലീസ് പൂര്‍ണമായും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.