ഭരണപരാജയത്തിന്‍റെ രണ്ടാം വാര്‍ഷികമാണ്‌ പിണറായി വിജയന്‍ സര്‍ക്കാര്‍ ആഘോഷിക്കുന്നത്‌ : വി എം സുധീരന്‍

241

തിരുവനന്തപുരം : ഭരണപരാജയത്തിന്‍റെ രണ്ടാം വാർഷികമാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ ആഘോഷമാക്കുന്നതെന്ന് വി എം സുധീരന്‍. ദിശാബോധം നഷ്ടപ്പെട്ട മന്ത്രിസഭയ്ക്ക് ഒരു മേഖലയിലും കേരളത്തെ മുന്നോട്ടു കൊണ്ടുപോകാനായില്ല. ജനദ്രോഹ നടപടികളിൽ സർവ്വകാല റെക്കോർഡാണ് ഈ സർക്കാരിന്റേത്. യഥാർത്ഥത്തിൽ കേരളത്തിലേത് ഇടതുപക്ഷ സർക്കാരല്ല മറിച്ച് മുതലളിത്തപക്ഷ-ജനമർദ്ദക സർക്കാരാണെന്നും സുധീരന്‍ പറഞ്ഞു. ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കലാണ് ഏതൊരു സർക്കാരിന്റെയും പ്രഥമവും പ്രധാനവുമായ ചുമതല. അതുപോലും ഇല്ലാതാക്കി എന്നതാണ് ഈ മന്ത്രിസഭയുടെ ഗുരുതരമായ വീഴ്ച. രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടായി കേരളം മാറി. കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനത്തെ മുഖ്യ ഭരണകക്ഷിയായ സിപിഎമ്മും ആളെക്കൊല്ലുന്നതിലാണ് മത്സരം. രാഷ്ട്രീയ നേട്ടങ്ങൾക്കായി ‘ബലിദാനി’കളെയും ‘രക്തസാക്ഷി’കളെയും സൃഷ്ടിക്കുന്ന മനുഷ്യത്വരഹിതമായ മനോഭാവമാണ് ഇരുകക്ഷികൾക്കുമുള്ളത്. ഈ അക്രമരാഷ്ട്രീയം നാട്ടിലെ സമാധാനജീവിതത്തെ തകർത്തിരിക്കുകയാണ്.

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ പാർട്ടി ഏത് രാഷ്ട്രീയ സംഘട്ടനത്തിലും കൊലപാതകത്തിലും ഒരു കക്ഷിയാണ്. എതിർ ചേരിയിലെ വിരോധികളെ ഉന്മൂലനാശം വരുത്തുന്നതിന് പാർട്ടിതന്നെ ‘വധശിക്ഷ’ വിധിക്കുന്ന രീതിയാണ് കാണുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മട്ടന്നൂരിലെ ഷുഹൈബ്, നാദാപുരത്തെ യൂത്ത് ലീഗ് പ്രവർത്തകനായ അസ്ലാം, അരിയിൽ ഷുക്കൂർ തുടങ്ങി എത്രയെത്ര പേർക്കാണ് ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വ്യാപകമാകുന്നു. ഇതിലെല്ലാമുള്ള പോലീസിൻ്റെ വീഴ്ചകൾ അതിരൂക്ഷമായ ജനരോഷത്തിന് ഇടവരുത്തുന്നു.

പാവപ്പെട്ടവരെ മറന്ന് മദ്യ മുതലാളിമാരെ സംരക്ഷിക്കുന്ന സർക്കാരിൻറെ വിപുലമായ മദ്യ വ്യാപനനയം സർവ തരത്തിലുള്ള അക്രമങ്ങൾക്കും പ്രേരണയാകുന്നു. മദ്യശാലകൾ തുറക്കും തോറും മയക്കുമരുന്നും എല്ലായിടത്തും ലഭ്യമാകുന്ന ദുസ്ഥിതി വന്നെത്തി. ഇതെല്ലാം അക്രമങ്ങൾ പെരുകുന്നതിൽ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. കുറ്റവാളികളുടെയും മാഫിയാ സംഘങ്ങളുടെയും ക്വട്ടേഷൻ ഗ്രൂപ്പുകളുടെയും ‘പറുദീസ’യായി കേരളം മാറിയിരിക്കുന്നു. ക്രമസമാധാന പാലനത്തിലും കുറ്റകൃത്യങ്ങൾ തടയുന്നതിലും തീർത്തും വീഴ്ചവരുത്തിയ പോലീസ് അവർ ധരിക്കുന്ന യൂണിഫോമിന് തന്നെ കളങ്കം വരുത്തിയിരിക്കുന്നു.

പോലീസിൻറെ വർദ്ധിച്ചുവരുന്ന അതിക്രമം വരാപ്പുഴയിലെ ശ്രീജിത്തിനെ കൊലപ്പെടുത്തുന്നതിൽ വരെയെത്തി. രാഷ്ട്രീയവൽക്കരിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും നീതിപൂർവമായ സമീപനം പ്രതീക്ഷിക്കാനാവാത്ത അവസ്ഥയാണ് വന്നിട്ടുള്ളത്. ചുവപ്പ് വസ്ത്രധാരികളായി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന പോലീസ് അസോസിയേഷൻ നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചതോടെ ഡി.ജി.പി.യുടെ നില കൂടുതൽ പരുങ്ങലിലായി. ഇതിനെല്ലാം പുറമേ സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരുടെ കൈകൾ ബന്ധിച്ച് നിഷ്ക്രിയരാക്കുന്ന സ്ഥിതിയിലുമെത്തി.

ജനമൈത്രി എന്ന സങ്കൽപം തന്നെ തകർത്തുകൊണ്ട് ജന മർദകരെന്ന കുപ്രസിദ്ധിയാണ് പോലീസിന് ആർജ്ജിക്കാനായത്. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ജനകീയ സമരങ്ങളെ ക്രൂരമായി അടിച്ചമർത്താൻ വെമ്പൽ കൊള്ളുന്ന ഈ സർക്കാരിന് ഇടതുപക്ഷസർക്കാർ എന്ന് അവകാശപ്പെടാനാകില്ല. സർ സി.പിയുടെ കാലത്തെ പൊലീസ് അതിക്രമങ്ങളെ കടത്തിവെട്ടുന്ന നിലയിലാണ് ന്യായമായ ജനകീയ സമരങ്ങളോടുള്ള പോലീസിന്റെ സമീപനം. ഇതിലെല്ലാം പ്രതിഫലിക്കുന്നത് സർക്കാരിൻ്റെ മർദ്ദക മനോഭാവമാണ്.

നിയമലംഘനങ്ങൾക്കും അഴിമതിക്കും സമ്പന്ന ശക്തികൾക്കും സ്ഥാപിത താൽപര്യങ്ങൾക്കും എതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ജനാഭിപ്രായം ഉണ്ടാക്കുകയും ചെയ്തുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നിട്ടുള്ളത്. എന്നാൽ ഈ ഭരണത്തിൻ കീഴിൽ നിയമലംഘനങ്ങളും അഴിമതിയും സമ്പന്ന ശക്തികളോടുള്ള പ്രീണനങ്ങളും ശക്തിപ്പെടുന്ന നിലയിലാണ് ഓരോ നടപടിയും ഉണ്ടാകുന്നത്. മുൻ പ്രഖ്യാപനങ്ങളും പ്രതികരണങ്ങളും കേവലം പാഴ്വാക്കുകളായി മാറി.

അക്ഷരാർത്ഥത്തിൽ കേരളം നിയമലംഘകരുടെയും അഴിമതിക്കാരുടെയും സാമ്പത്തിക ചൂഷകരുടെയും ‘സ്വർഗ്ഗരാജ്യ’മായി മാറിയിരിക്കുകയാണ്. അവഗണിക്കപ്പെട്ടത് പാവപ്പെട്ടവരും സാധാരണക്കാരും. നിയമത്തിന്റെ സർവ്വ സാധ്യതകളും ആരായാതെ കിട്ടിയ ആദ്യ അവസരത്തിൽ തന്നെ കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയ സർക്കാർ നടപടി കമ്മ്യൂണിസ്റ്റ് ഭരണകർത്താക്കൾക്ക് ഒരിക്കലും യോജിച്ചതല്ല. നിയമങ്ങളെയും ചട്ടങ്ങളെയും ലംഘിച്ചുകൊണ്ട് അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ ക്രമവൽക്കരിക്കാനുള്ള സർക്കാർ തീരുമാനത്തിലൂടെ വൻ അഴിമതിക്കാണ് കളമൊരുക്കിയത്.

നിയമ ലംഘനങ്ങളുടെ പേരിൽ വിവിധ സ്ഥലങ്ങളിൽ നടന്നുവരുന്ന കേസുകളുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. നിയമലംഘകരെ സംരക്ഷിക്കുന്നത് വെറുതെയാവില്ലെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. നിരവധി നിയമങ്ങളും ചട്ടങ്ങളും ഭേദഗതി വരുത്തിക്കൊണ്ട് വന്നതായ കേരള നിക്ഷേപ പ്രോത്സാഹന നിയമത്തിന്റെയും ഗുണഭോക്താക്കൾ വൻകിട മുതലാളിമാരാണെന്നതിൽ സംശയമില്ല. കേരള നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച നെൽവയൽ-തണ്ണീർത്തട നിയമത്തിന്റെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ ഭേദഗതി നിയമം കൊണ്ടുവന്നതിലൂടെ അവശേഷിച്ച പച്ചപ്പും ഇല്ലാതാക്കുന്ന സ്ഥിതിയാണ് വന്നിട്ടുള്ളത്. പരിസ്ഥിതി നാശത്തിന് ഇടവരുത്തുന്ന ഇതെല്ലാം ഭൂമാഫിയാ സംഘങ്ങളെ സഹായിക്കാനാണ്.

കള്ളിൽ മായം ചേർത്താലുള്ള ശിക്ഷ കുറച്ചതിലൂടെ മദ്യ മുതലാളിമാർക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് നൽകിയത്. ജനങ്ങൾക്കും നാടിനും സർവ്വ നാശം വരുത്തി വെച്ചു കൊണ്ട് സർക്കാർ മുന്നോട്ടു നീക്കുന്ന മദ്യ വ്യാപന നയം മദ്യ മുതലാളിമാർക്ക് വേണ്ടി മാത്രമാണ്. സ്കൂൾ വിദ്യാർഥികൾ പോലും മദ്യപിച്ച് ബോധരഹിതരായി പാടത്ത് കിടക്കുന്ന വാർത്ത ഞെട്ടലോടെയാണ് ഏവരും ശ്രവിച്ചത്. മദ്യ മുതലാളിമാർക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നതിൽ തികഞ്ഞ ജാഗ്രത പുലർത്തിയ സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊക്കെ പാടെ അവഗണിക്കുകയാണുണ്ടായത്.

തോമസ് ചാണ്ടി, പി.വി അൻവർ, ജോയ്സ് ജോർജ് തുടങ്ങിയ ജനപ്രതിനിധികളായ വൻകിടക്കാരുടെ നിയമലംഘനങ്ങൾക്ക് സർവ്വ സംരക്ഷണവും ഒരുക്കി കൊടുത്തതിലൂടെ സർക്കാരിന്റെ മുതലാളിത്തപക്ഷ നിലപാടാണ് ആവർത്തിക്കപ്പെട്ടത്. ഭൂമി കൈയേറ്റക്കാർക്ക് സർവ്വ സംരക്ഷണവും നൽകി. അവർക്കെതിരെ ശക്തമായ നിലപാടെടുത്ത ശ്രീറാം വെങ്കിട്ടരാമനെ പോലുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. നിയമവിരുദ്ധമായും അനധികൃതമായും സർക്കാർ ഭൂമി കൈവശം വെച്ചു വരുന്ന ടാറ്റ, ഹാരിസൺ തുടങ്ങിയ വൻകിട കൈയേറ്റക്കാരോട് എത്ര മൃദു സമീപനമാണ് സർക്കാർ സ്വീകരിച്ചത്.

അവർക്കെല്ലാം ഗുണം കിട്ടുന്ന രീതിയിൽ ഹാരിസൺ കേസിൽ ഹൈക്കോടതിയിൽ സർക്കാർ തോറ്റുകൊടുത്തു. സർക്കാരിൻറെ ന്യായമായ അവകാശവാദങ്ങൾ കോടതിമുമ്പാകെ കൊണ്ടുവരുന്നതിൽ അതിഗുരുതരമായ വീഴ്ച വരുത്തി. മുതലാളിത്ത ശക്തികൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത സർക്കാരാണെന്ന് ഇതിലൂടെ തെളിയിച്ചു. ഈ കേസിൽ അപ്പീൽ കൊടുക്കുമെന്ന് ഇപ്പോൾ പറയുന്നുണ്ടെങ്കിലും എത്രത്തോളം ഫലപ്രദമായി ഈ കേസ് നടത്തും എന്നതിൽ ആശങ്കയുണ്ട്.

നിയമവിരുദ്ധമായി പ്രവർത്തിച്ചുവരുന്ന ക്വാറി മാഫിയ സംഘങ്ങൾക്ക് വേണ്ടി പരിസ്ഥിതിയെ തകർത്തുകൊണ്ട് എത്രമാത്രം ഇളവുകളാണ് നൽകിയത്. സ്വന്തം രക്തസാക്ഷികളെ തന്നെ വഞ്ചിച്ചുകൊണ്ട് സ്വാശ്രയ കോളേജ് മുതലാളിമാർക്ക് വിടുവേല ചെയ്തുവരുന്ന ഈ സർക്കാരിന് ഇടതുപക്ഷ സർക്കാർ എന്ന് അവകാശപ്പെടാനാകില്ല. നരേന്ദ്രമോഡിയുടെ കോർപ്പറേറ്റ് പ്രീണനത്തിന്റെ മറ്റൊരു പതിപ്പാണ് പിണറായി സർക്കാർ.

പെട്രോളിന്റെയും ഡീസലിന്റെയും വില മോഡി അന്യായമായി വർദ്ധിപ്പിക്കുമ്പോൾ അതിലൂടെ ലഭിക്കുന്ന അധിക നികുതി ഉപേക്ഷിച്ച് ജനങ്ങൾക്ക് ആശ്വാസം നൽകാത്ത ഈ സർക്കാരിന്റെ നിലപാടിലെ കാപട്യം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. നിത്യോപയോഗ സാധനവില കുറയ്ക്കുന്നതിൽ നരേന്ദ്രമോഡിയെ പോലെ പിണറായി സർക്കാരും തികഞ്ഞ പരാജയമാണ്. പ്രചരണങ്ങളിലൂടെ ഭരണപരാജയത്തെ മറച്ചുവയ്ക്കാനാകില്ല. അനുഭവങ്ങളിലൂടെ ഇതെല്ലാം തിരിച്ചറിയുന്ന ജനങ്ങളെ കബളിപ്പിക്കാനുമാകില്ല.

തെറ്റുകൾ തുറന്നു സമ്മതിച്ച് തിരുത്തുന്നതിന് പകരം കള്ള പ്രചരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വിഫല ശ്രമങ്ങളുമായി മുന്നോട്ടു പോകാനാണ് മുഖ്യമന്ത്രിയുടെയും കൂട്ടരുടെയും ശ്രമമെങ്കിൽ ചരിത്രത്തിലെ ഏറ്റവും ശക്തമായ തിരിച്ചടിയായിരിക്കും ഫലമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS