തിളയ്ക്കും ചോരയോടുരുക്കു തോറ്റൊരാപ്പടക്കളങ്ങള്‍ തന്‍ സമര ഗാഥകള്‍ ; മലയാള കവിതയ്ക്ക് മഹത്തായ സംഭവാനകള്‍ നല്‍കിയ കവി തിരുനല്ലൂരിന്റെ ചരമ വാര്‍ഷികമാണിന്ന്

31

തിളയ്ക്കും ചോരയോടുരുക്കു തോറ്റൊരാ-
പ്പടക്കളങ്ങള്‍ തന്‍ സമര ഗാഥകള്‍
സിരയിലാവേശത്തിരയിളക്കിയുള്‍-
ക്കരുത്തു കൈകള്‍ക്ക് പകര്‍ന്നു നല്‍കുമ്പോള്‍
നയന വിസ്മയമുണര്ത്തും ഗ്രാമീണ
ചലനഭംഗിയില്‍ കവിത മൂളുമ്പോള്‍
കടുത്ത വെയ്ലത്തു പതയ്ക്കും കായലി-
ന്നലകളില്‍ തോണി കുതിച്ചു പായുമ്പോള്‍
മനസ്സിലെത്തുന്നു മലയാളത്തിന്റെ
മനമറിയുന്ന കവിയുടെ രൂപം
അരുണ കാന്തി തന്‍ കവിതയ്ക്കേകിയ
തിരുനല്ലൂരിന്റെ വിടര്‍ന്ന നന്മുഖം .

അറിവിന്നുന്നത ഗിരിശിഖരങ്ങ,
ളനുഭവത്തിന്റെയനന്ത രഥ്യകള്‍,
അതുല ഭാവന,യിവകളൊന്നു ചേര്‍-
വിടത്തെപ്പേന ചലിക്കും വേളയില്‍
പറമ്പില്‍,പാടത്തു,കടലില്‍,കാട്ടിലും
പണിയെടുക്കുന്ന മനുഷ്യന്റദ്ധ്വാന
മഹത്വം വാനോള മുയര്‍ന്നു പൊങ്ങുന്നു
സമത്വ സ്വപ്‌നങ്ങള്‍ കതിരു ചൂടുന്നു.

വെടിയുണ്ടയ്ക്കെതിര്‍ വിരിമാറു കാട്ടി
ചൊടിയില്‍ മാങ്കമാരണിനിരക്കുന്നു
കറങ്ങും റാട്ടിന്റെയുറച്ച ശബ്ദത്തില്‍
ചെറിയ ഗ്രാമത്തിന്‍ കരള്‍ തുടിക്കുന്നു.
കളങ്കമേശാത്ത കുലീന ലാവണ്യ-
ക്കതിരാം പെണ്‍കൊടിയുതിര്‍ക്കും വേദന –
തുളുമ്പും നിശ്വാസമിളക്കുന്നു കായല്‍-
പ്പരപ്പിനെ ,സ്നേഹം വിളഞ്ഞ മണ്ണിനെ……

തിരുനല്ലൂര്‍ കരുണാകരന്റെ 15 ആം ചരമ വാര്‍ഷി കമാണ് ഇന്ന് (5.7.2021).മലയാള കവിതയ്ക്ക് മഹത്തായ സംഭവാനകള്‍ നല്‍കിയ കവിയും പ്രഗത്ഭനായ അദ്ധ്യാപകനും മികച്ച മാര്‍ക്സിയന്‍ ചിന്തകനും പ്രഭാഷകനും സംസ്കൃത, മലയാള ഭാഷാ പണ്ഡിതനുമായിരുന്നു പ്രൊഫ. തിരുനല്ലൂര്‍ കരുണാകരന്‍. കേരളത്തിന്റെ കാവ്യ ചക്രവാളത്തില്‍ അരുണാഭ പരത്തിയ കവികളില്‍ മുമ്പനായിരുന്ന അദ്ദേഹം 1924 ഒക്റ്റോബര്‍ 8നു കൊല്ലം ജില്ലയിലെ പെരിനാട്ട് ആണ് ജനിച്ചത്‌. 2006 ജൂലായ്‌ 5 നു അന്തരിച്ചു.

കടപ്പാട് ; ദത്തൻ വാസു

NO COMMENTS