സംസ്ഥാനത്ത് സഞ്ചരിക്കുന്ന 5 ഭക്ഷ്യസുരക്ഷ ലബോറട്ടറികൾ

107

തിരുവനന്തപുരം:ഭക്ഷണ പദാർത്ഥങ്ങളിലെ മായം കണ്ടുപിടിയ്ക്കാനുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അഞ്ച് പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷ ലബോറട്ടറികളുടെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. ഇതിൽ മൂന്ന് ലബോറട്ടറികളിൽ ഭക്ഷ്യ വസ്തുക്കളുടെ രാസപരവും മൈക്രാബയോളജിക്കൽ പ്രകാരമുളള മാനദണ്ഡങ്ങളും മറ്റ് രണ്ട് ലാബുകളിൽ രാസപരമായ മാനദണ്ഡങ്ങളും പരിശോധിക്കാൻ കഴിയും.

ഭക്ഷ്യ സുരക്ഷ പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഈ സഞ്ചരിക്കുന്ന ലബോറട്ടറികൾ സഹായകരമാകുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. നിലവിൽ കേരളത്തിൽ മൂന്ന് സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികളാണ് പ്രവർത്തിക്കുന്നത്. ഈ അഞ്ച് ലാബുകൾകൂടി വന്നതോടെ എട്ട് സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികളാണ് കേരളത്തിനുള്ളത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകൾ കേന്ദ്രമാക്കിയാണ് ഈ ലാബുകൾ പ്രവർത്തിക്കുക.

സംസ്ഥാനത്തെ പ്രധാന ചെക്ക് പോസ്റ്റുകളിൽ പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ഓപ്പറേഷൻ സാഗർ റാണിയിൽ പഴകിയതും കേടുവന്നതും രാസവസ്തുക്കൾ കലർന്നതുമായ 200-ൽ അധികം മെട്രിക് ടൺ മത്സ്യം നശിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഈ ലാബുകളിൽ വെളിച്ചണ്ണയുടെ ഗുണനിലവാരം കണ്ടുപിടിക്കുന്നതിനുളള റിഫ്രാക്ടോമീറ്റർ, ഭക്ഷത്തിലെ പൂപ്പൽ ബാധമൂലമുണ്ടാകുന്ന അഫ്‌ളോടോക്‌സിൻ എന്ന വിഷാംശം കണ്ടുപിടിക്കുന്നതിനുളള റാപ്ടർ ( Raptor) എന്ന ഉപകരണം, വെളളത്തിലെ പി.എച്ച് കണ്ടുപിടിക്കുന്നതിനുളള പി.എച്ച് മീറ്റർ, പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുളള മിൽക്ക് അനലൈസർ, എണ്ണകളുടെ കാലപ്പഴക്കം കണ്ടുപിടിക്കുന്നതിനുളള ഫ്രൈഓയിൽ മോണിറ്റർ എന്നീ ഉപകരണങ്ങൾ ഉണ്ട്. മൈക്രാബയോളജി ചെയ്യുന്നതിനുളള ബയോസേഫ്റ്റി കാബിനറ്റ്, ഫൂം ഹുഡ് (Fume Hood) എന്നിവയും ഈ ലാബിലുണ്ട്.

ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ലബോറട്ടികൾ സജ്ജമാക്കിയത്. ഈ ലാബുകളിൽ പരിശോധന കൂടാതെ ഭക്ഷ്യ സുരക്ഷാ പരിശീലനത്തിനും, ബോധവൽകരണത്തിനുളള സംവിധാനങ്ങൾ ഉണ്ട്.

ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എ.ആർ. അജയകുമാർ, ജോയിന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ കെ. അനിൽ കുമാർ, ചീഫ് ഗവൺമെന്റ് അനലിസ്റ്റ് എസ്.റ്റി. തങ്കച്ചൻ എന്നിവർ പങ്കെടുത്തു

NO COMMENTS