വികസനത്തിനാകണം വകുപ്പുതലവന്‍മാരും കലക്ടര്‍മാരും മുന്‍ഗണന നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി

242

തിരുവനന്തപുരം : വികസനവും സാമൂഹ്യസുരക്ഷയും ഉറപ്പുനല്‍കുന്ന ജനപക്ഷ തീരുമാനങ്ങള്‍ക്കാണ് വകുപ്പുതലവന്‍മാരും കലക്ടര്‍മാരും മുന്‍ഗണന നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സുതാര്യവും കാര്യക്ഷമമവുമായ ഭരണസംവിധാനം രൂപപ്പെടുത്തുന്നതിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവരുടെ പരിചയ സമ്പത്ത് ഉപയോഗിക്കണം. 

രണ്ടു ദിവസമായി നടന്ന കലക്ടര്‍മാരുടെയും വകുപ്പുതലവന്‍മാരുടെയും യോഗത്തില്‍  ചര്‍ച്ച ഉപസംഹരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം ഭരണരംഗത്ത് നല്ല പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ സര്‍ക്കാരില്‍നിന്ന് ജനങ്ങള്‍ വലിയ മാറ്റം ആഗ്രഹിക്കുന്നു. ആ പ്രതീക്ഷ പൂര്‍ണ്ണമായി നിറവേറ്റണമെങ്കില്‍ നിലവിലുളള രീതിയിലും ശൈലിയിലും മാറ്റങ്ങള്‍ വേണ്ടിവരും. പുതിയൊരു കേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനാല്‍ വികസന പദ്ധതികള്‍ പൂര്‍ണ്ണതയിലെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം. ക്ഷേമപദ്ധതികളുടെ ആനുകൂല്യം ഓരോ വ്യക്തിയിലും എത്തണം. ഉദ്യോഗസ്ഥരാണ് അത് ചെയ്യേണ്ടത്. അഴിമതിരഹിതമായ ഭരണം കാഴ്ചവെയ്ക്കുന്നതില്‍ കേരളത്തിന് സല്‍പേരാണുളളത്. എന്നാല്‍ സര്‍വീസ് മേഖലയാകെ അഴിമതി മുക്തമാണെന്ന് പറയാന്‍ കഴിയില്ല. തെറ്റായ ശൈലികളും മാമൂലുകളും പൂര്‍ണ്ണമായി അവസാനിച്ചിട്ടില്ല. അഴിമതി കണ്ടില്ലെന്ന് നടിക്കരുത്. ശക്തമായി ഇടപെടണം. താഴെ തലത്തില്‍ വില്ലേജ് ഓഫീസ് വരെ അഴിമതി മുക്തമാകണം. സെക്രട്ടറിമാരും വകുപ്പുതലവന്‍മാരും കലക്ടര്‍മാരും ഇടപെട്ടാല്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടാക്കാന്‍ കഴിയും. 

നവകേരളം എന്ന ലക്ഷ്യം ആലങ്കാരികമല്ല. കേരളത്തെ പുതുക്കി പണിയാനുളള പദ്ധതിയാണ് നടപ്പാക്കുന്നത്.  നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായുളള നാലു മിഷനുകളുടെ പരിപാടികളും കിഫ്ബി ധനസഹായത്തോടെയുളള വലിയ പദ്ധതികളും നടപ്പാക്കിയാല്‍ സംസ്ഥാനത്ത് അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. മിഷന്‍ പരിപാടികള്‍ നടപ്പാക്കുന്നതിന് നല്ല ഏകോപനമുണ്ടാകണം. ജനപങ്കാളിത്തത്തോടെയാണ് ഈ പരിപാടികള്‍ നടപ്പാക്കേണ്ടത്. 

കേന്ദ്രപദ്ധതികള്‍ നേടിയെടുക്കാനും അവ കൃത്യമായി നടപ്പാക്കാനും കഴിയണം. കേന്ദ്രം ഭരിക്കുന്നവരുമായുളള രാഷ്ട്രീയ വ്യത്യാസം അതിന് തടസ്സമല്ല. 

ഔദ്യോഗിക യോഗങ്ങള്‍ നടത്തുമ്പോള്‍ നല്ല ഗൃഹപാഠം ചെയ്യണം. വ്യക്തമായ അജണ്ട വേണം. എന്തിനാണ് ഊന്നല്‍ നല്‍കുന്നതെന്ന കാര്യത്തില്‍ ധാരണയുണ്ടാകണം. തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കുന്നതിന് വകുപ്പുകള്‍ തമ്മില്‍ ചര്‍ച്ച ചെയ്യണം. ഫയലുകള്‍ താമസിക്കാതിരിക്കാന്‍ നല്ല ശ്രദ്ധ വേണം. ഒരു ഫയല്‍ ഒരാള്‍ ദീര്‍ഘകാലം വെച്ചിരിക്കുന്ന സ്ഥിതി ഉണ്ടാവാന്‍ പാടില്ല. ആശയവിനിമയത്തിന് ആധുനിക ഡിജിറ്റല്‍ ഉപകരണങ്ങളും വീഡിയോ കോണ്‍ഫറന്‍സിങ് പോലുളള സംവിധാനങ്ങളും ഉണ്ടെങ്കിലും ഇപ്പോഴും പഴയ രീതിയില്‍ തന്നെയാണ് പലരും കാര്യങ്ങള്‍ നീക്കുന്നത്. ഭരണപ്രക്രിയ ചടുലമാക്കാന്‍ ആധുനിക സംവിധാനങ്ങളും ഉപകരണങ്ങളും പ്രയോജനപ്പെടുത്തണം. ഇ-ഗവേണന്‍സ് ശക്തിപ്പെടുത്തണം. ഫയല്‍ പ്രക്രിയ ആധുനിക രീതിയിലാക്കണം. 

കേരളത്തില്‍ വ്യവസായമോ കച്ചവട സംരംഭമോ ആരംഭിക്കാന്‍ സര്‍ക്കാരിനെ സമീപിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം നമുക്ക് നഷ്ടപ്പെട്ടുപോയി. മുതല്‍ മുടക്കാന്‍ വരുന്നവരെ പലപ്പോഴും ശത്രുവിനെപ്പോലെയാണ് കാണുന്നത്. വ്യവസായങ്ങള്‍ക്ക് എളുപ്പത്തില്‍ അനുമതി നല്‍കുന്നതിനാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ മനോഭാവം മാറുന്നില്ലെങ്കില്‍ തടസ്സങ്ങള്‍ നിലനില്‍ക്കും. സംസ്ഥാനത്തിന്‍റെ പുരോഗതിക്ക് വ്യവസായ മുതല്‍മുടക്ക് അനിവാര്യമാണ്. എല്ലാ കാര്യങ്ങളും സര്‍ക്കാരിന് ചെയ്യാന്‍ കഴിയില്ല. ഇത് മനസ്സിലാക്കി നിക്ഷേപകരെ ബുദ്ധിമുട്ടിക്കുന്ന സമീപനം ഒഴിവാക്കണം. എന്നാല്‍ നിയമനിഷേധം കണ്ടില്ലെന്ന് നടിക്കരുത്. ശ്രദ്ധയില്‍ പെട്ടാല്‍ പെട്ടെന്ന് ഇടപെടണം.

ഓഫീസുകളില്‍ വൈകി എത്തുകയും നേരത്തെപോകുകയും ചെയ്യുന്നത് പതിവാക്കിയവരുണ്ട്. ഇക്കാര്യം വകുപ്പ് മേധാവികള്‍ ശ്രദ്ധിക്കണം. ജീവനക്കാരുടെ സംഘടനകളൊന്നും ഈ പ്രവണതയെ അനുകൂലിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ലെന്നും വകുപ്പുതലവന്‍മാര്‍ മനസ്സിലാക്കണം. തീരുമാനങ്ങള്‍ എടുക്കന്നതില്‍ മേലുദ്യോഗസ്ഥന്‍മാര്‍ മാതൃകയായിരിക്കണം. കാലതാമസം നീതിനിഷേധമാണ്. അത് അഴിമതിക്ക് അവസരമൊരുക്കും. ഉദ്യോഗസ്ഥര്‍ക്ക് അവരുടെ കഴിവുകള്‍ പ്രടിപ്പിക്കാന്‍ ഏറ്റവും നല്ല അവസരമാണ് ഈ സര്‍ക്കാര്‍ ഒരുക്കിയിട്ടുളളതെന്ന് ചീഫ് സെക്രട്ടറി ഡോ. കെ.എം. അബ്രഹാം പറഞ്ഞു. 

NO COMMENTS