തദ്ദേശഭരണ തിരഞ്ഞെടുപ്പ് സംവരണ വാർഡുകൾ: നറുക്കെടുപ്പ് തീയതി നിശ്ചയിച്ചു

38

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി നിയോജകമണ്ഡലങ്ങൾ/ വാർഡുകൾ സംവരണക്രമം അനുസരിച്ച് നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയും തിയതിയും സമയവും സ്ഥലവും നിശ്ചയിച്ചും വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.

941 ഗ്രാമപഞ്ചായത്തുകളിലേക്ക് സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ഒന്ന് വരെയാണ് നറുക്കെടുപ്പ് തിയതി നിശ്ചയിച്ചിട്ടുള്ളത്. 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലേക്കും ഒക്ടോബർ 5 നാണ് നറുക്കെടുപ്പ്. അതത് ജില്ലയിലെ ജില്ലാ തിരഞ്ഞെടുപ്പ് (ജില്ലാ കളക്ടർ) ഉദ്യോഗസ്ഥനാണ് ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളിലേക്ക് നറുക്കെടുപ്പ് നടത്തുന്നത്.

86 മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 1 വരെ നടക്കും. മൂന്ന് മേഖലകളിലെ (തെക്കൻ, മദ്ധ്യ, വടക്കൻ) നഗരകാര്യ റീജിയണൽ ജോയിന്റ് ഡയറക്ടർമാർക്കാണ് ചുമതല.
ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് സെപ്റ്റംബർ 28, 30 ഒക്ടോബർ 6 തിയതികളിൽ നഗരകാര്യ ഡയറക്ടറാണ് നറുക്കെടുപ്പ് നടത്തുന്നത്.

NO COMMENTS