തിരുവനന്തപുരത്ത് 875 പേര്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ചു – മരണം 11

28

തിരുവനന്തപുരം ജില്ലയില്‍ ഇന്ന്(24 സെപ്റ്റംബര്‍) 875 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 700 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 142 പേരുടെ ഉറവിടം വ്യക്തമല്ല. 18 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. നാലുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. 11 പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

നരുവാമൂട് സ്വദേശി ആല്‍ബി(20), മന്നൂര്‍കോണം സ്വദേശി തങ്കപ്പന്‍(70), പൂന്തുറ സ്വദേശി ശശി(60), ആറ്റിങ്ങല്‍ സ്വദേശി വാസുദേവന്‍(75), മണക്കാട് സ്വദേശി ഡോ. എം.എസ് അബ്ദീന്‍(72), വെമ്പായം സ്വദേശിനി ഓമന(62), ആനയറ സ്വദേശി ശശി(74), കൊടുവഴന്നൂര്‍ സ്വദേശിനി സുശീല(60), മഞ്ചവിളാകം സ്വദേശി ശ്രീകുമാരന്‍ നായര്‍(67), വള്ളക്കടവ് സ്വദേശി റോബര്‍ട്ട്(72), വള്ളക്കടവ് സ്വദേശിനി റഹിയ ബീവി(56) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 357 പേര്‍ സ്ത്രീകളും 518 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 102 പേരും 60 വയസിനു മുകളിലുള്ള 118 പേരുമുണ്ട്. പുതുതായി 3,027 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 26,977 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 2,866 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 8,466 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 26 ഗര്‍ഭിണികളും 20 കുട്ടികളും ഉള്‍പ്പെടുന്നു. 296 പേര്‍ ഇന്ന് രോഗമുക്തി നേടി.

കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 173 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 51 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 3,784 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

NO COMMENTS