ചെങ്കള ഗ്രാമപഞ്ചായത്തില്‍ ഹോട്ടലുകള്‍ക്ക് ഭക്ഷണ സുരക്ഷാ പദ്ധതി

98

കാസറകോട് : ചെങ്കള ഗ്രാമപഞ്ചായത്തിലെ ഹോട്ടല്‍, കാന്റീന്‍, കാറ്ററിങ്്,കുള്‍ബാര്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍ ഭക്ഷണ സുരക്ഷ പദ്ധതി നടപ്പിലാക്കും. പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ ഹോട്ടല്‍ ഉടമകളുടെ യോഗം പഞ്ചായത്ത് ഹാളില്‍ നടത്തി.ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ പാലിക്കേണ്ട ആരോഗ്യ- ശുചിത്വ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. വൃത്തിയുള്ളതും മായം കലരാത്തതുമായ ഭക്ഷണം ഉറപ്പുവരുത്താന്‍ യോഗത്തില്‍ തീരുമാനമായി.തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി.

തൊഴിലാളികള്‍് യൂനിഫോമും ക്യാപ്പും ധരിക്കണം.കുടിവെള്ളം പരിശോധനയ്ക്ക് വിധേയമാക്കി ശുദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കും.ഖര-ദ്രവ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ സംസ്‌കരിക്കും.പലഹാരങ്ങള്‍ക്ക് എണ്ണ ഒരു പ്രാവശ്യം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് നിര്‍ദ്ദേശം നല്‍കി.പാചകം ചെയ്ത പലഹാരങ്ങള്‍ നാല് മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ പാടില്ല.

അലമാരയില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം വിതരണം നടത്തുമ്പോള്‍ ചവണയോ, കൈയുറയോ ധരിക്കണം.പ്ലാസ്റ്റിക്ക് കവറുകളില്‍ ഭക്ഷണം പൊതിഞ്ഞു നല്‍കരുത്,ക്ലീനിങ് ജീവനക്കാരും കാശ് കൈകാര്യം ചെയ്യുന്നവരും ഭക്ഷ്യവിതരണം നടത്താന്‍ പാടി്ല്ല. പച്ചക്കറികള്‍ വെള്ളത്തില്‍ പരമാവധി സമയം മുക്കിയിട്ട് ഉരച്ച് കഴുകി മാത്രം ഉപയോഗിക്കണം.

എലി, ഈച്ച,പാറ്റ എന്നിവ കയറാത്ത സ്റ്റോര്‍ റൂം ഉണ്ടായിരിക്കണം.ഉപയോഗിക്കുന്ന തുണികളും,ടവ്വലുകളും എല്ലാദിവസവും അലക്കി ഉപയോഗിക്കണം.ഭക്ഷണം പാകം ചെയ്യുന്നവര്‍ മുറുക്കാനോ ,പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനോ പാടില്ല.ഹോട്ടലുകളില്‍ പുകവലി പാടില്ല എന്ന ബോര്‍ഡ് സ്ഥാപിക്കണം.എല്ലാ സ്ഥാപനങ്ങളും ലൈസന്‍സുകള്‍ ഫ്രെയിം ചെയത് സൂക്ഷിക്കണം.ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഹോട്ടല്‍ തൊഴിലാളികള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പും നടത്തും.വൃത്തിയായി സൂക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഗ്രേഡ് നല്‍കി സമ്മാനം നല്‍കും.നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.

യോഗത്തില്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം അധ്യക്ഷത വഹിച്ചു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷറഫ് കര്‍മ്മപദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് സഞ്ജയ് ഹക്കിം,.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഹഫീസ് ഷാഫി,കെ.എസ് രാജേഷ് എന്നിവര്‍ സംസാരിച്ചു.

NO COMMENTS