ലഹരി വിമുക്തിയുടെ സന്ദേശവുമായി എക്‌സൈസ് സ്റ്റാൾ

174

തിരുവനന്തപുരം :ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളും ലഹരിയുടെ പിടിയിൽനിന്നു പുറത്തുകടക്കാനുള്ള മാർഗങ്ങളുമായി എക്‌സൈസ് വകുപ്പ് വസന്തോത്സവ നഗരിയിൽ തുറന്ന സ്റ്റാൾ ശ്രദ്ധേയമാകുന്നു. ലഹരി ഉപയോഗിച്ചാലുണ്ടാകുന്ന ആരോഗ്യ – മാനസിക പ്രശനങ്ങൾ, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ, സാമൂഹ്യ പ്രശ്‌നങ്ങൾ എന്നിവ സംബന്ധിച്ച പോസ്റ്ററുകളും ചിത്രങ്ങളുമാണു സ്റ്റാളിൽ ക്രമീകരിച്ചിട്ടുള്ളത്.

ശ്രദ്ധയോടെ പ്രദർശനം കാണുന്നവർക്കായി അമ്പെയ്തും ബാസ്‌കറ്റ് ബോൾ എറിഞ്ഞും സമ്മാനം നേടാനുള്ള അവസരവുമുണ്ട്.ബോധവൽക്കരണവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ രേഖപ്പെടുത്തിയ വർണ ചക്രത്തിൽ കൃത്യമായി അമ്പെയ്തു കൊള്ളിച്ചാലാണു സമ്മാനം. പല നിറത്തിലുള്ള റിങ്ങുകൾ ലഹരിമുക്ത പോസ്റ്ററുകൾ പതിച്ച ബോർഡിലേക്ക് എറിയാനും അവസരമുണ്ട്. കുട്ടികളും യുവാക്കളുമടക്കം നിരവധി പേർ ഗെയിമുകൾ കളിക്കാനെത്തുന്നതുകൊണ്ട് വലിയ തിരക്കാണ് ഇവിടെ.

ലഹരിമരുന്നുപയോഗത്തിന്റെ ദൂഷ്യവശങ്ങൾ കാണിക്കുന്ന 30 ഓളം ചിത്രങ്ങൾ സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ലഹരിക്കടിമയാകാൻ സാധ്യതയുള്ള സാഹചര്യങ്ങൾ, ലഹരിയുപയോഗത്തിൽ നിന്നും മുക്തി നേടേണ്ട വഴികൾ തുടങ്ങി എല്ലാം എക്‌സൈസ് വകുപ്പ് സന്ദർശകർക്കായി അവതരിപ്പിച്ചിരിക്കുന്നു. ‘ലഹരിക്കെതിരെ ഞാനും’ എന്ന സന്ദേശമെഴുതിയ ബോർഡിനു മുന്നിൽനിന്നു സെൽഫിയെടുത്തും സമ്മാനം നേടാം. സെൽഫികൾ എക്സൈസ് വകുപ്പിന്റെ ലഹരി വർജന മിഷനായ വിമുക്തിയുടെ 7558860888 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്താൽ തെരഞ്ഞടുക്കപ്പെടുന്നവക്കു സമ്മാനം നൽകും.

NO COMMENTS