കനത്ത ജാഗ്രതയിൽ തൃശൂർ ജില്ല

140

തൃശൂർ : അടച്ചിടൽ നിർദ്ദേശങ്ങളുടെ ഭാഗമായി പോലീസിന്റെയും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധനയും നടപടികളും ശക്തമാക്കി. ചൊവ്വാഴ്ച (മാർച്ച 24) പുലർച്ച തൃശൂർ റെയിൽവേ സ്റ്റേഷനിൽ ദ്രിബ്രുഗഡ്-കന്യാകുമാരി വിവേക് എക്‌സ്പ്രസ്സിൽ എത്തിയ 199 യാത്രക്കാരിൽ 182 പേരെ കില പരിശീലന കേന്ദ്രത്തിൽ ഒരുക്കിയ കെയർ സെന്ററിലേക്ക് നിരീക്ഷണത്തിനായി മാറ്റി.

പരിശോധനയ്ക്ക് ശേഷം 17 പേരെ അപ്പോൾ തന്നെ വീട്ടുകാർക്കൊപ്പം അയച്ചു. ജില്ലാ കളക്ടർ എസ് ഷാനവാസി ന്റെയും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീനയുടെയും നേതൃത്വത്തിലാണ് ആരോഗ്യപ്രവർത്തകരും പോലീസ് അടങ്ങിയ സംഘം യാത്രക്കാരെ മാറ്റിയത്. അതിഥി തൊഴിലാളികളും മലയാളികളും ഉൾപ്പെടെയുളള യാത്രക്കാരെയാണ് സുരക്ഷ കണക്കിലെടുത്ത് കിലയിലേക്ക് മാറ്റിയത്. ഇവരിൽ രണ്ടു പേരെ ചിക്കൻ പോക്‌സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നും പനിയെ തുടർന്ന് ഒരാളെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. ഭക്ഷണവും വസ്ത്രവും ഉൾപ്പെടെയുളള അത്യാവശ്യ സൗകര്യങ്ങൾ ഇവർക്ക് ഉറപ്പാക്കിയിട്ടുണ്ട്.

വഴിയോരങ്ങളിൽ അലഞ്ഞുതിരിയുന്നവർക്ക് ഭക്ഷണം നൽകുന്നതിനും സുരക്ഷിതമായി നിരീക്ഷണത്തിൽ പാർപ്പിക്കു ന്നതിനുമായി ജില്ലാ ഭരണകൂടവും കോർപ്പറേഷനും സംയുക്തമായി താമസകേന്ദ്രം ഒരുക്കി. മോഡൽ ബോയ്‌സ്, ഗേൾസ് സ്‌കൂളുകളിലായാണ് താമസം ഒരുക്കിയിട്ടുളളത്. ഭക്ഷണസൗകര്യവും ഉറപ്പുവരുത്തിയിട്ടുണ്ട്. ജില്ലാ സപ്ലൈ ഓഫീസിന്റെ നേതൃത്വത്തിൽ അവശ്യവസ്തുക്കളുടെ വില വിവരപ്പട്ടിക തയ്യാറാക്കുകയും അമിത വില ഈടാക്കുന്നത് തടയാൻ പരിശോധന ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

NO COMMENTS