ഉപതിരഞ്ഞെടുപ്പില്‍ സാമുദായിക ചേരിതിരിവുകള്‍ –

101

തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ്. രംഗത്തുവന്നതോടെ സാമുദായിക ചേരിതിരിവുകള്‍ നിര്‍ണായകമായി. സമദൂരം ശരിദൂരമായതിന്റെ അര്‍ഥം യു.ഡി.എഫിനെ പിന്തുണയ്ക്കുകയാണെന്ന് വ്യക്തമാക്കി .നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ എന്‍.എസ്.എസ്. കരയോഗം ഭാരവാഹികള്‍ അംഗങ്ങളുടെ വീടുകളില്‍ കയറി പ്രചാരണവും തുടങ്ങി. വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലങ്ങളിലാകും എന്‍.എസ്.എസിന്റെ നിലപാട് കാര്യമായി ബാധിക്കുക.

ഏറെക്കാലമായി പുലര്‍ത്തിപ്പോന്ന സമദൂരത്തില്‍നിന്നാണ് പിന്തുണ പറയാതെ പറഞ്ഞ് എന്‍.എസ്.എസ്. നിലപാട് വ്യക്തമാക്കിയത്. ശരിദൂരമെന്ന നയം സ്വീകരിക്കാനുള്ള കാരണം വ്യക്തമാക്കി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ തിങ്കളാഴ്ച പ്രസ്താവനയിറക്കി. സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസം വിശ്വാസത്തിന്റെ കാര്യത്തില്‍ മാത്രമാണ്. മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായുള്ള സംവരണം ലഭ്യമാക്കിയില്ലെന്ന കുറ്റപ്പെടുത്തലും എന്‍.എസ്.എസ്. നടത്തുന്നു.

ഏകപക്ഷീയ നിലപാട് എടുക്കില്ലെന്ന പ്രതീക്ഷയില്‍ സി.പി.എം.

സാമുദായിക സംഘടനകളില്‍പ്പെട്ട വിവിധ പാര്‍ട്ടികളില്‍പ്പെട്ടവരും അനുഭാവികളും സംഘടനയുടെ ആഹ്വാനപ്രകാരം മാത്രം വോട്ടുചെയ്യുന്നവരല്ലെന്ന് സി.പി.എം. കരുതുന്നു. പ്രചാരണം സാമുദായിക ഘടകങ്ങളില്‍ തട്ടാതെ വികസനത്തിലൂന്നി നിര്‍ത്താനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്.എന്‍.എസ്.എസ്. നേതൃത്വം ആഹ്വാനംചെയ്താലും സംഘടനയില്‍ എല്ലാ പാര്‍ട്ടിക്കാരും ഉള്ളതിനാല്‍ ഏകപക്ഷീയ നിലപാടായി അത് മാറില്ലെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. ജാതി ചിന്തകള്‍ക്കപ്പുറമുള്ള പരിഗണനകളാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പുലര്‍ത്തിയതെന്നും ഇടതുനേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ബി.ഡി.ജെ.എസ് – എന്‍.ഡി.എ ബന്ധം സുഖകരമല്ല

ബി.ഡി.ജെ.എസ്. മുന്നണിയിലുണ്ടെങ്കിലും എന്‍.ഡി.എ.യുമായുള്ള ബന്ധം സുഖകരമല്ല. അരൂരില്‍ മത്സരിക്കാന്‍പോലും കൂട്ടാക്കാത്ത ബി.ഡി.ജെ.എസ്. നിലപാട് എന്‍.ഡി.എ. ഗൗരവമായിട്ടാണ് കാണുന്നത്. ചോറങ്ങും കൂറിങ്ങുമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് നേതൃത്വം പറയുന്നു. സഭാതര്‍ക്കവും സ്വാധീനിക്കും. പാലായില്‍ ഇടതുമുന്നണിക്കനുകൂല നിലപാടെടുത്ത എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എല്ലാ മുന്നണിയോടും ഒരേ നിലപാടാണ് സ്വീകരിക്കുകയെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. പാലായിലേത് പ്രത്യേക സാഹചര്യമായിരുന്നു. രാഷ്ട്രീയമായ അഭിപ്രായം പറയുന്നതിനെ പിന്തുണയായി വ്യഖ്യാനിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മലങ്കരസഭാതര്‍ക്കവും അടിയൊഴുക്കിന് സാധ്യത ;

ഉപതിരഞ്ഞെടുപ്പ് നടക്കുന്നതില്‍ കോന്നിയിലാണ് ഓര്‍ത്തോഡോക്സ് വിഭാഗക്കാര്‍ കൂടുതലായുള്ളത്. വട്ടിയൂര്‍ക്കാവിലും സാന്നിധ്യമുണ്ട്. സുപ്രീംകോടതിവിധി അനുകൂലമായതിലൂടെ പള്ളികളുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്സ് വിഭാഗത്തിനാണ്.എന്നാല്‍,പള്ളികള്‍ യാക്കോബായക്കാരില്‍നിന്നു കിട്ടാന്‍ സര്‍ക്കാര്‍ വേണ്ടത്ര താത്പര്യം കാട്ടുന്നില്ലെന്ന പരാതി ഓര്‍ത്തഡോക്സ് സഭയ്ക്കുണ്ട്.

ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കാബാവയെ സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണനും ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയും സമീപദിവസങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു. സഭയുടെ നിലപാട് അനുകൂലമാക്കിയെടുക്കുകയാണ് ഇരുപാര്‍ട്ടി നേതാക്കളുടെയും ലക്ഷ്യം. പരസ്യമായ നിലപാടെടുത്തിട്ടില്ലെങ്കിലും സഭാനേതൃത്വം ഇതുസംബന്ധിച്ച സൂചന നല്‍കാതിരിക്കില്ല.

NO COMMENTS