കോട്ടയം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പ് (33) അന്തരിച്ചു. കോട്ടയം വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സനില്‍. ‘ന്യൂസ്18’ മാധ്യമപ്രവര്‍ത്തകനാണ് സനില്‍. ബുധനാഴ്ച രാവിലെയാണ് സനില്‍ യാത്രയായത്. സംസ്കാരം നാളെ രാവിലെ പത്തിന് പൈങ്ങന സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ഈ മാസം 20ന് മുണ്ടക്കയത്തെ വീട്ടില്‍ നിന്നും എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോകവേയാണ് സനില്‍ അപകടത്തില്‍പെട്ടത്. സനില്‍ സഞ്ചരിച്ച ഓട്ടോറിക്ഷ വണ്ടന്‍പതാല്‍ പത്തുസെന്റിനു സമീപം മറിയുകയായിരുന്നു. സുഷുമ്നാ നാഡിക്കും കഴുത്തിനും ഗുരുതര പരിക്കേറ്റ സനില്‍ വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേയാണ് മരണമടഞ്ഞത്. സാമ്ബത്തിക പരാധീനത കടുത്ത വെല്ലുവിളി ഉയര്‍ത്തിയ കുടുംബ പശ്ചാത്തലത്തിലായിരുന്നു സനിലിന്റെ ജീവിതം മുന്നോട്ടുപോയത്. വിവിധ ദൃശൃമാധ്യമങ്ങളിലായി ഡല്‍ഹി, കൊച്ചി, ഇടുക്കി, കോട്ടയം എന്നിവടങ്ങളിലെല്ലാം ജോലി ചെയ്തിട്ടുണ്ട്.