ഫാഷൻ ഗോൾഡ് വിഷയത്തിൽ തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതം – എം.സി. ഖമറുദ്ദീൻ.

32

കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമെന്ന് മഞ്ചേശ്വരം എം.എൽ.എ. എം.സി. ഖമറുദ്ദീൻ. സർക്കാർ നിർദേശം അനുസരിച്ചാണ് അന്വേഷണ സംഘത്തിന്റെ നടപടിയെന്നും നോട്ടീസ് പോലും നൽകാതെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഖമറുദ്ദീൻ ആരോപിച്ചു.

കേസിൽ തിങ്കളാഴ്ച താൻ നൽകിയ ഹർജി കോടതി പരിഗണിക്കുന്നുണ്ട്. എന്നാൽ അതിനുപോലും കാത്തിരിക്കാതെയാണ് കാര്യങ്ങൾ അന്വേഷിക്കാനെന്ന പേരിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഇതുകൊണ്ടെന്നും രാഷ്ട്രീയമായി തന്നെ തകർക്കാൻ കഴിയില്ലെന്നും ഖമറുദ്ദീൻ പറഞ്ഞു.

നിക്ഷേപത്തിന്റെ മറവിൽ 800-ഓളം നിക്ഷേപകരിൽ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകർ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതുവരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ 13 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് കണക്കുകൾ. വഞ്ചിക്കപ്പെട്ട കൂടുതൽ നിക്ഷേപകർ പരാതിയുമായി എത്തിയാൽ തുക വീണ്ടും വർധിക്കും.

അറസ്റ്റിന് ശേഷം വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പോകവെയാണ് ഖമറുദ്ദീൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ചന്തേര പോലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഖമറുദ്ദീനെ അറസ്റ്റ് ചെയ്തത്.

NO COMMENTS