സംസ്ഥാന മത്സ്യ കർഷക അവാർഡുകൾ പ്രഖ്യാപിച്ചു.

128

തിരുവനന്തപുരം : മത്സ്യകർഷക ദിനാചരണത്തോടനുബന്ധിച്ചുള്ള സംസ്ഥാന മത്സ്യകർഷക അവാർഡ് ഫിഷറീസ് ഹാർബർ എൻജിനിയറിങ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടി അമ്മ പ്രഖ്യാപിച്ചു.
മികച്ച ചെമ്മീൻ കർഷകനായി ആർ.അജിത്ത്, ശുദ്ധജല മത്സ്യകർഷകനായി അബ്ദുൾ റഷീദ്, ഓരുജല മത്സ്യകർഷകനായി നാരായണൻ, മികച്ച രീതിയിൽ നൂതന മത്സ്യകൃഷി നടപ്പിലാക്കിയ ടോമി പീറ്റർ എന്നിവർക്കാണ് അവാർഡ്.

സംസ്ഥാനത്തെ മികച്ച അക്വാകൾച്ചർ പ്രൊമോട്ടർക്കുള്ള അവാർഡ് ഷേർളി ബാബുവിന് ലഭിക്കും. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. ജില്ലാ തലത്തിൽ മികച്ച ശുദ്ധജല മത്സ്യ കർഷകരായ 12 പേർക്കും, മൂന്ന് ഓരുജല കർഷകർക്കും, രണ്ട് ചെമ്മീൻ കർഷകർക്കും, 13 നൂതന മത്സ്യകൃഷി കർഷകർക്കും, 11 അക്വാകൾച്ചർ പ്രൊമോട്ടർക്കും മികച്ച പ്രവർത്തനത്തിന് ഏട്ട് തദ്ദേശഭരണ സ്ഥാപനങ്ങൾക്കും അവാർഡു നൽകുമെന്ന് മന്ത്രി അറിയിച്ചു.

മികച്ച ചെമ്മീൻ കർഷകനായ പുത്തൻതുറ നീണ്ടകര സ്വദേശി അജിത്തിനെ 2019-ലെ ഏറ്റവും മികച്ച ചെമ്മീൻ കർഷകനായി ദേശീയ തലത്തിൽ തെരഞ്ഞെടുത്തിരുന്നു. വയനാട് ചൂണ്ടപ്പാടി പൊഴുതന അബ്ദുൾ റഷീദ് 100 സെന്റ് സ്ഥലത്താണ് ഗിഫ്റ്റ് കൃഷി നടത്തുന്നത്. 12,000 ഗിഫ്റ്റ് കുഞ്ഞുങ്ങളെയാണ് സ്റ്റോക്ക് ചെയ്തിരുന്നത്. അഞ്ച് മാസം കൊണ്ട് 2500 കിലോഗ്രാം മത്സ്യം വിറ്റഴിച്ചു. 2000 കിലോഗ്രാം കൂടി വിറ്റഴിക്കാനാവും.

മികച്ച ഓരുജല കർഷക അവാർഡ് ലഭിച്ച നാരായണൻ മലപ്പുറം പടിഞ്ഞാറേക്കര സ്വദേശിയാണ്. 200 സെന്റ് കുളത്തിൽ മത്സ്യകൃഷി ചെയ്യുന്നു. 12000 കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. എക്‌സ്‌പോർട്ടിങ് കമ്പനിയുമായി ധാരണയിൽ എത്തിയിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ നീലിവയൽ സ്വദേശിയായ ടോമി പീറ്റർ പുതിയ കൃഷിരീതിയായ റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റമാണ് മത്സ്യകൃഷിക്കായി ഉപയോഗിച്ചിരുന്നത്. കോട്ടയം ജില്ലയിൽ എരുമേലി മണിമല കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളുടെ ചുമതല വഹിക്കുന്ന അക്വാകൾച്ചർ പ്രൊമോട്ടർ ഷേർളി ബാബു നിരവധി ആളുകളെ മത്സ്യകൃഷിയിലേക്ക് കൊണ്ടുവന്നാണ് അവാർഡിന് അർഹമായതെന്ന് മന്ത്രി അറിയിച്ചു.

NO COMMENTS