കടലോരം കളിക്കളമാകും; തീപാറുന്ന മത്സര സന്ധ്യകള്‍ക്ക് ഇനി മൂന്ന് നാള്‍ കൂടി

91

കാസര്‍കോട് : പള്ളിക്കര ബീച്ചിലെത്തുന്നവരെ കാത്തിരിക്കുന്നത് ഇനി ആര്‍പ്പുവിളികളുടെ സന്ധ്യകള്‍. വടംവലി യും ഫുട്ബോളും വോളിബോളും കബഡിയും അറബിക്കടലിന്റെ തിരകളെ സാക്ഷിയാക്കി പള്ളിക്കരയിലെ പൂഴി മണ്ണില്‍ ആവേശം നിറയ്ക്കും. തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി സംഘടിപ്പി ക്കുന്ന ജില്ലാ ബീച്ച് ഗെയിംസ് ഡിസംബര്‍ 24, 25 തിയ്യതികളില്‍ പള്ളിക്കരയില്‍ നടക്കും.

അഞ്ച് മേഖലകളിലായി നടത്തിയ ബീച്ച് ഗെയിംസ് പ്രാഥമിക മത്സരങ്ങളിലെ ജന പങ്കാളിത്തത്തിനും മത്സര വീര്യത്തിനും ഒരുപടി മുകളിലാകും പള്ളിക്കരയിലെ ജില്ലാതല ബീച്ച് ഗെയിംസില്‍ കാണാനാകുക എന്നുറപ്പാണ്. ബേക്കലില്‍ പുഷ്പ ഫലമേള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ദിവസങ്ങളില്‍ത്തന്നെയാണ് പള്ളിക്കരയില്‍ ബീച്ച് ഗെയിംസ് നടക്കുന്നതെന്നതിനാല്‍ ആര്‍പ്പുവിളികള്‍ക്ക് സൗന്ദര്യം ഏറും.

ഗെയിംസിന്റെ പ്രചരാണര്‍ഥം മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് പുതിയ ബസ്റ്റാന്റ്, പഴയ ബസ്റ്റാന്റ്, ബേക്കല്‍-പള്ളിക്കര ജനവാസ മേഖലകള്‍, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ കുടുബശ്രീയുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ ശിങ്കാരി മേളത്തിന്റെ അകമ്പടിയില്‍ ബീച്ച് ഗെയിംസിന്റെ വിളമ്പരം നടത്തും.

കടലിന്റെ മക്കള്‍ക്ക് പ്രത്യേക മത്സരം

കടലിന്റെ മക്കളും, കേരളത്തിന്റെ സൈനികരുമായ മത്സ്യതൊഴിലാളികള്‍ക്ക് പ്രത്യേകമായി ബീച്ച് ഗെയിംസില്‍ മത്സരം നടത്തും. ഫുട്ബോള്‍, കബഡി മത്സരങ്ങളാണ് കടലമ്മയുടെ മക്കള്‍ക്ക് മാത്രമായി നടത്തുക. സമൂഹത്തില്‍ വലിയ ശ്രദ്ധ ലഭിക്കാത്ത മത്സ്യതൊഴിലാളികള്‍ ഒന്നാം പ്രളയത്തോടെ കേരളത്തിന്റെ ഹൃദയം അലിയിച്ചവരാണ്. ഇവരെ പങ്കെടുപ്പിച്ച് മത്സരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സര്‍ക്കാര്‍ ചരിത്രമെഴുതുകയാണ്. ആദ്യമായി തുഴയെറിയുന്നവര്‍ കളിക്കളത്തിലിറങ്ങുമ്പോള്‍ കടലും തീരവും ഒരുപോലെ കയ്യടിക്കും

NO COMMENTS