മാതൃരാജ്യത്തെ രക്ഷിക്കാൻ ഹൃദയവും, ആത്മാവുംകൊണ്ട് പ്രതിജ്ഞയെടുത്ത ഭഗത് സിംഗിനെ തൂക്കിലേറ്റിയിട്ട് ഇന്നേക്ക് 88 വർഷം.

204

മാതൃരാജ്യത്തെ രക്ഷിക്കാൻ ഹൃദയവും, ആത്മാവുംകൊണ്ട് പ്രതിജ്ഞയെടുത്ത ഭഗത് സിംഗിനെ തൂക്കിലേറ്റിയിട്ട് ഇന്നേക്ക് 88 വർഷം തികയുന്നു . 1931 മാർച്ച് 23 വൈകീട്ട് 7:30 നാണ് ഭഗത് സിംഗിനെ തൂക്കിലേറ്റിയത്. പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ പുറകുവശത്തെ മതിലു പൊളിച്ച് മൃതദേഹങ്ങൾ ലാഹോറിൽ നിന്നും അറുപതു കിലോമീറ്റർ അകലെയുള്ള ഗന്ധ സിംഗ് വാല ഗ്രാമത്തിൽ വെച്ച് അഗ്നിക്കിരയാക്കി. ചാരം, സത്ലജ് നദിയിലെറിഞ്ഞത് ചരിത്ര സംഭവമായി തന്നെ നിലകൊള്ളുന്നു.

ഭഗത് സിംഗിന് 12 വയസ്സുള്ളപ്പോഴാണ് രാജ്യത്തെ ഞെട്ടിച്ച ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്. നിരപരാധികൾ വെടിയേറ്റുവീണ സംഭവം ഈ ചെറുപ്പക്കാരനിൽ ദേശഭക്തി ആളിക്കത്തി. പിറ്റേ ദിവസം ജാലിയൻ വാലാബാഗ് സന്ദർശിച്ച ഭഗത് അവിടെ നിന്നും ശേഖരിച്ച ചോരയും മണ്ണും ഒരു ചെറിയ കുപ്പിയിലാക്കി അലങ്കരിച്ചു തന്റെ മുറിയിൽ സ്ഥാപിക്കുകയും അതിന് അഭിവാദ്യം അർപ്പിക്കുകയും ചെയ്യുകയുണ്ടായി. ബാലനായിരിക്കുമ്പോൾ തന്നെ ഭഗതിന്റെ ജീവിതത്തിൽ ദേശസ്നേഹം മുളപൊട്ടിയിരുന്നു .

ഭഗത്തിന്റെ മുത്തച്ഛൻ, സ്വാമി ദയാനന്ദസരസ്വതിയുടെ നേതൃത്വത്തിലുള്ള ആര്യസമാജത്തിൽ അംഗമായിരുന്നു. സ്വാമി ദയാനന്ദസരസ്വതിയുടെ സ്വഭാവവും ജീവിതരീതിയും ഭഗത്തിനെ ഏറെയളവിൽ സ്വാധീനിച്ചിട്ടുണ്ട്. അക്കാലത്തെ മറ്റു സിഖു വിശ്വാസികളെപ്പോലെ ഭഗത്തും സ്കൂൾ വിദ്യാഭ്യാസത്തിനായി വിദ്യാലയങ്ങളിൽ പോയിട്ടില്ല. ബ്രിട്ടീഷ് ഭരണത്തോടു വിധേയത്വം പുലർത്തുന്ന വിദ്യാലയങ്ങളിൽ ഭഗത്ത് പോകുന്നത് മുത്തച്ഛന് ഇഷ്ടമല്ലായിരുന്നു. ആര്യസമാജത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന ദയാനന്ദ ആംഗ്ലോ വേദിക്ക് ഹൈസ്കൂളിലാണ് ഭഗത് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

1920 – ൽ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയപ്പോൾ 13-മത്തെ വയസ്സിൽ ഭഗത് സിംഗ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി.നിസ്സഹകരണപ്രസ്ഥാനത്തിലുപരി, വിപ്ലവം കൊണ്ടു മാത്രമേ ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും പുറത്താക്കാൻ കഴിയൂ എന്ന ഭഗത് വിശ്വസിച്ചു തുടങ്ങി.
നിസ്സഹകരണത്തിന്റെ ഭാഗമായി അദ്ദേഹം ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ ഉപേക്ഷിച്ചു, ലാഹോറിലുള്ള നാഷണൽ കോളേജിൽ ചേർന്നു. പഠനവിഷയങ്ങളിലും പാഠ്യേതരകാര്യങ്ങളിലും ഭഗത് ഒരേ പോലെ പ്രാമുഖ്യം നൽകിയിരുന്നു. ചരിത്രവും രാഷ്ട്രതന്ത്രവും ഭഗതിന്റെ ഇഷ്ട വിഷയങ്ങളായിരുന്നു. ക്ലാസ്സിൽ പഠിച്ച വിഷയങ്ങളേക്കുറിച്ച് സുഹൃത്തുക്കളുമായി സംവദിക്കുന്നത് ഭഗത് എറെ ഇഷ്ടപ്പെട്ടിരുന്നു. സർവ്വകലാശാലയിലെ നാടകസംഘത്തിൽ ഭഗത് സജീവ പ്രവർത്തകനായിരുന്നു. ഇവിടെ വെച്ചാണ് ഭഗത് സുഖ്ദേവും, ഭഗവതി ചരൺ വോഹ്രയും ആയുള്ള സൗഹൃദം ആരംഭിക്കുന്നത്.

ഗാന്ധിജിയുടെ അക്രമരഹിതസമരരീതിയോട് പൊരുത്തപ്പെടാൻ പിന്നീട് ഭഗതിനു കഴിഞ്ഞിരുന്നില്ല. കാരണം ബ്രിട്ടൻ ഈ നിരായുധരായ സമരപോരാളികളേപ്പോലും സായുധമായാണ് നേരിട്ടിരുന്നത്. ചൗരിചൗരാ സംഭവത്തെത്തുടർന്നുണ്ടായ കലാപങ്ങളിൽ നിരപരാധികളായ ഗ്രാമീണരെ ബ്രിട്ടീഷ് പട്ടാളം വധിക്കുകയുണ്ടായി. ഇത്തരം സംഭവങ്ങൾ വിപ്ലവത്തിന്റെ പാത സ്വീകരിക്കുവാനുള്ള ഭഗതിന്റെ തീരുമാനത്തെ ഊട്ടിയുറപ്പിക്കുകയായിരുന്നു.

ഭഗത് അഞ്ച് വിവിധ ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്നു. തന്റെ ലക്ഷ്യങ്ങളോട് സമരസപ്പെടുന്നു എന്നു കണ്ട വിവിധങ്ങളായ സംഘടനകളിൽ ചേർന്നു പ്രവർത്തിക്കാനും തുടങ്ങി.1924-ൽ അദ്ദേഹത്തിനുവേണ്ടി മാതാപിതാക്കൾ ഒരു വിവാഹാലോചന നടത്തി, ഭഗത് സിംഗ് ആ വിവാഹാലോചന നിരാകരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു “ഇന്ത്യ അസ്വതന്ത്രയായിരിക്കുന്നിടത്തോളം എന്റെ വധു മരണം മാത്രമായിരിക്കും”. വിവാഹം നടത്തുവാനുള്ള മാതാപിതാക്കളുടെ നിർബന്ധത്തിൽ നിന്നും രക്ഷപ്പെടുവാനായി അദ്ദേഹം വീടു വിട്ടു കാൺപൂരിലേക്കു പോയി. അവിടെ പ്രതാപ് പ്രസ്സ് എന്ന ഒരു അച്ചടിശാലയിൽ ജോലിക്കു ചേർന്നു, ഒഴിവു സമയങ്ങളിൽ വിപ്ലവ സാഹിത്യ പഠനവും തുടങ്ങി.

1924 – ൽ കാൺപൂരിൽ വച്ച് അദ്ദേഹം സചീന്ദ്രനാഥ് സന്യാൽ ആരംഭിച്ച ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന സംഘടനയിൽ അംഗമായി. 1925 – ൽ അദ്ദേഹം ലാഹോറിലേക്ക് തിരിച്ചു പോയി. അടുത്ത വർഷം അദ്ദേഹം കുറച്ചു സഹപ്രവർത്തകരോടൊപ്പം നൗജവാൻ ഭാരത് സഭ എന്ന പേരിൽ ഒരു സായുധ വിപ്ലവസംഘടന രൂപവത്കരിച്ചു.1926 ൽ ദസ്സറ ദിനത്തിൽ ലാഹോറിലുണ്ടായ ബോംബുസ്ഫോടനത്തിൽ സിംഗിന്റെ ഇടപടൽ ആരോപിച്ച് പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തു. 1927 – ൽ കാക്കോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ടു കീർത്തിയിൽ വന്ന വിദ്രോഹി എന്ന ഒരു ലേഖനത്തിന്റെ പേരിലാണ് അദ്ദേഹം അറസ്റ്റിലായത്.1928 ആയപ്പോഴേക്കും ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസ്സോസ്സിയേഷന്റെ നേതൃത്വം ഭഗത് സിംഗിന്റെയും ചന്ദ്രശേഖർ ആസാദിന്റേയും പൂർണ്ണ നേതൃത്വത്തിലായി. 1930 – ൽ ചന്ദ്രശേഖർ ആസാദ് ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലിനിടെ ആത്മഹത്യ ചെയ്യുകയുണ്ടായി.1931 മാർച്ച് 24 ന് ഭഗത് സിംഗിനെ വധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി ഉത്തരവുണ്ടായിരുന്നത്. എന്നാൽ ഭഗത് സിംഗിനെപ്പോലും മുൻകൂറായി അറിയിക്കാതെ വധശിക്ഷ പതിനൊന്നു മണിക്കൂറോളം നേരത്തേയാക്കുകയായിരുന്നു.

ഷഹീദ് ഭഗത് സിങ്ങ് മാർക്സിസ്റ്റ് ചിന്തയിൽ അതീവ ആകൃഷ്ടനായിരുന്നു. ഭാരതത്തിന്റെ ഭാവി മാർക്സിസ്റ്റ് തത്ത്വങ്ങളനുസരിച്ച് പുനർനിർമ്മാണം ചെയ്യുക എന്നത് ഷഹീദ് ഭഗത് സിങ്ങിന്റെ ആദർശങ്ങളിൽ ഒന്നായിരുന്നു. 1926 മുതൽ അദ്ദേഹം ഭാരതത്തിലും വിദേശത്തും വിപ്ലവ പ്രസ്ഥാനത്തിന്റെ പുരോഗതിയെക്കുറിച്ച് പഠിച്ചിരിന്നു. ജയിൽ തടവുകാരനായിരിക്കുന്ന സമയത്ത് ഭഗത് ധാരാളം പുസ്തകങ്ങൾ വായിക്കുമായിരുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, ദാസ് ക്യാപിറ്റൽ‍‍, ഫ്രഞ്ച് വിപ്ലവം എന്നിങ്ങനെ കാറൽ മാർക്സിന്റേയും, ഫ്രെഡറിക് ഏംഗൽസിന്റേയും പുസ്തകങ്ങൾ ഉൾപ്പെടെ കുറേയെറെ അദ്ദേഹം വായിച്ചു കൂട്ടിയിരുന്നുവെന്ന് സഹതടവുകാർ
ഓർമ്മിക്കുന്നു.

ഭഗത് സിംഗിന്റെ ജനനദിവസം തന്നെയാണ് സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ പേരിൽ തടവിലാക്കപ്പെട്ടിരുന്ന പിതാവും രണ്ട് പിതൃസഹോദരന്മാരും ജയിൽമോചിതരാവുന്നത്.ഭാഗ്യമുള്ള കുട്ടി എന്നർത്ഥം വരുന്ന ഭഗോൺവാല എന്ന പേരിട്ടത് മുത്തശ്ശിയായിരുന്നു. ഈ പേരിൽ നിന്നുമാണ് പിന്നീട് ഭഗത് സിംഗ് എന്ന പേരുണ്ടായത്.
പഞ്ചാബിലെ ലയൽപൂർ ജില്ലയിലുള്ള ബങ്കാ ഗ്രാമത്തിലെ ഒരു സിഖ് കർഷക കുടുംബത്തിൽ 1907 സെപ്തംബർ 28ന് ആണ് ഭഗത് സിംഗ് ജനിച്ചത്. അച്ഛൻ – സർദാർ കിഷൻ സിംഗ്. അമ്മ – വിദ്യാവതി. ഈ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായിരുന്നു ഭഗത് സിംഗ്

NO COMMENTS