പഴുതടച്ച കോവിഡ് 19 പ്രതിരോധവുമായി നീലേശ്വരം നഗരസഭ

57

കാസറഗോഡ് : കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പഴുതടച്ച നടപടികളുമായി നീലേശ്വരം നഗരസഭയും താലൂക്കാശുപത്രിയും മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.ഒന്നാം ഘട്ടത്തില്‍ നഗരസഭ പരിധിയില്‍ കോവിഡ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അതീവ ജാഗ്രതയില്‍ തന്നെ നഗരസഭ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നു.

ആരോഗ്യ സുരക്ഷാ കവചം എന്ന പേരില്‍ രണ്ടാം ഘട്ടം ആരംഭിക്കുകയും ,നിലവില്‍ വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും കഴിയുന്നവരുടെ കണക്കെടുപ്പ് കൃത്യമായി പൂര്‍ത്തികരിക്കുകയും ചെയ്തു. ഈ സര്‍വ്വേ പ്രകാരം നീലേശ്വരം നഗരസഭാ പരിധിയില്‍ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമായി 2238 വീടുകളില്‍ നിന്നും 3318 പേരാണ് ഇപ്പോള്‍ ഉള്ളത്. ഇത് നഗരസഭയുടെ ജനസംഖ്യയുടെ ആറ് ശതമാനം വരും.ഇവരെ കൂടാതെ നീലേശ്വരം നഗരസഭ താലൂക്കാശുപത്രിയുടെ ആരോഗ്യ സോണില്‍പ്പെട്ട കാഞ്ഞങ്ങാട് നഗരസഭയിലെ എട്ട് വാര്‍ഡുകളും ഉള്‍പ്പെടുന്നുണ്ട്. ഈ വാര്‍ഡുകളിലെ കണക്കുകളും ഇതേ പോലെ ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ചു വെച്ചിട്ടുണ്ട്.

ലോക്ക് ഡൗണ്‍ കഴിയുന്നതോടെ പ്രവാസികളും മറുനാടന്‍ മലയാളികളും സ്വന്തം വീടുകളിലേക്ക് എത്തിച്ചേരുമെന്ന പ്രതീക്ഷയില്‍ അവരുടെ വിശദാശങ്ങള്‍ കൃത്യമായി ശേഖരിച്ചു കൊണ്ട് ഇവരെ സുരക്ഷിതമായി നിരീക്ഷണത്തില്‍ പാര്‍പ്പിക്കുവാനുള്ള സൗകര്യങ്ങള്‍ നഗരസഭ ഇതിനകം ഒരുക്കിക്കഴിഞ്ഞു. കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ പാലാത്തടം ക്യാമ്പസ് , പുത്തരിയടുക്കം ഐസി ഡി എസ് ട്രയിനിങ് സെന്റര്‍, കോട്ടപ്പുറം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, നഗരസഭാ പരിധിയിലെ 4 മദ്രസ്സകള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളിലാണ് അതിനായി സൗകര്യമൊരുക്കിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് ചേര്‍ന്ന നഗരസഭാ താലൂക്കാശുപത്രി മാനേജ്മെന്റ് കമ്മറ്റി യോഗവും ആരോഗ്യസ്ഥിരം സമിതി യോഗവും നല്‍കിയ ശുപാര്‍ശകളും നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നഗരസഭ കോര്‍ കമ്മറ്റി യോഗം പരിശോധിച്ച് മൂന്നാംഘട്ട കൊറോണോ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കി.വൈസ് ചെയര്‍പേഴ്‌സണ്‍ വി ഗൗരി സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എ കെ കുഞ്ഞികൃഷ്ണന്‍, പി രാധ, തോട്ടത്തില്‍ കുഞ്ഞികണ്ണന്‍, പി എം സന്ധ്യ, പി പി മുഹമ്മദ് റാഫി കൗണ്‍സിലര്‍മാരായ എറുവാട്ട്‌മോഹനന്‍, പി ഭാര്‍ഗ്ഗവി, കെ വി സുധാകരന്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായി വിവിധ ഘട്ടങ്ങളിലായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണ സംവിധാനങ്ങളും നീലേശ്വരം നഗരസഭ പരിധിയില്‍ ആരോഗ്യ സുരക്ഷ കവചം എന്ന പേരില്‍ ഉചിതമായ വിധത്തില്‍ നടപ്പിലാകുമെന്ന് നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ പി ജയരാജനും നഗരസഭ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജമാല്‍ അഹമ്മദും അറിയിച്ചു.

NO COMMENTS