കശ്മീരില്‍ സംഘര്‍ഷം തുടരുന്നു; രണ്ടു മരണം

171

ശ്രീനഗര്‍ • ദക്ഷിണ കശ്മീരില്‍ സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടു. അക്രമാസക്തരായ ജനങ്ങളെ പിരിച്ചുവിടാന്‍ സുരക്ഷാ സേന പ്രയോഗിച്ച ടിയര്‍ ഗ്യാസ് ഷെല്‍ തലയില്‍കൊണ്ടാണ് ഇതിലൊരാള്‍ മരിച്ചത്. പെല്ലറ്റ് ഷെല്‍ പ്രയോഗത്തിലാണ് രണ്ടാമത്തെ മരണം.
ഇതോടെ ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട ശേഷം ഇവിടെ ഉടലെടുത്ത സംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 75 ആയി. നിരോധനാജ്ഞ തുടരുന്ന ഇവിടെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതിന് വിലക്കുള്ളതാണ്. ഇതുലംഘിച്ചവര്‍ക്കു നേരെയാണ് സേന ടിയര്‍ ഗ്യാസ് പ്രയോഗിച്ചത്. സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.സംഘര്‍ഷം തുടരുന്ന മേഖലകളില്‍ നിശാനിയമം വീണ്ടും ഏര്‍പ്പെടുത്തിയെങ്കിലും ഏറ്റമുട്ടലുകള്‍ക്ക് അറുതിവന്നിട്ടില്ല. കരസേനാ മേധാവി ദല്‍ബീര്‍ സിങ് കശ്മീരിലെത്തി പല സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്തിയിരുന്നു.അതിനിടെ, രണ്ടുവര്‍ഷം മുന്‍പു കരസേന പിന്മാറിയിരുന്ന ദക്ഷിണ കശ്മീര്‍ പ്രദേശങ്ങളിലേക്കു സൈനികരെ വീണ്ടും നിയോഗിക്കാന്‍ തീരുമാനമായി. പ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നൂറുകണക്കിനു ഭടന്മാരെ കൂടി സംസ്ഥാനത്തേക്കു നിയമിക്കും. മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആരംഭിച്ച പ്രക്ഷോഭം 64 ദിവസം പിന്നിട്ടു.

NO COMMENTS

LEAVE A REPLY