കാസര്‍കോട് മെഡിക്കല്‍ കോളേജ്

114

കാസര്‍കോട് : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഉക്കിനടുക്ക യിലെ കാസര്‍ കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം നാലു ദിവസം കൊണ്ടാണ് മെഡിക്കല്‍ കോളേജിനെ അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രമായി യുദ്ധകാലാടിസ്ഥാനത്തില്‍ പരിവര്‍ത്തിപ്പിച്ചത്.

കോവിഡ് രോഗബാധിതര്‍ക്ക് വേണ്ടി ആദ്യ ഘട്ടത്തില്‍ ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളു മാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. പിന്നീട് 100 കിടക്കകളും പത്ത് ഐസിയു കിടക്കകളും കൂടി സജ്ജമാക്കും. മെഡിക്കല്‍ കോളേജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കാണ് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്.

ചികിത്സയ്ക്ക് ബെഡുകള്‍

വൈറസ് ബാധയെ തുടര്‍ന്ന് രോഗികളെ കിടത്തി ചികിത്സിക്കാന്‍ ജില്ലയില്‍ വ്യാപകമായി ബെഡുകള്‍ തയ്യാറാക്കി. പ്ലാന്‍ എയില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവടങ്ങളില്‍ 709 ബെഡും 24 ഐസിയു ബെഡും തയ്യാറാക്കി. പ്ലാന്‍ ബിയില്‍ തൃക്കരിപ്പൂര്‍, പുടംകല്ല് താലൂക്ക് ആശുപത്രികള്‍, പെരിയ, ബദിയഡുക്ക സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ 101 ബെഡ് തയ്യാറാക്കി.

സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍, സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിയുള്‍പ്പെടുന്ന പ്ലാന്‍ സിയില്‍ 936 ബെഡുകളും 10 ഐസിയുകളും സജ്ജീകരിച്ചു. ഇത് കൂടാതെ ഐസൊലേഷന് വേണ്ടി ഏഴ് കോവിഡ് കെയര്‍ സെന്ററുകളിലായി 345 ബെഡുകള്‍ തയ്യാറാക്കി. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി നിശ്ചയിച്ച 11 സ്ഥാപനങ്ങളില്‍ 404 ബെഡുകളാണ് സജ്ജീകരിച്ചത്.

NO COMMENTS