വികസനത്തിൽ ഹൈഡ്രോഗ്രാഫിക് വിംഗിന് സുപ്രധാന പങ്ക്: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

149

കേരളത്തിന്റെ വികസനത്തിൽ ഹൈഡ്രോഗ്രാഫിക് വിംഗിന് സുപ്രധാന പങ്കുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ. തൈക്കാട് ഗസ്റ്റ്ഹൗസിൽ ഹൈഡ്രോഗ്രാഫിക് ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ സാമ്പത്തിക പാരിസ്ഥിതിക നിലനിൽപ്പിനും വികസനത്തിനും സമുദ്രത്തിന് വലിയ പങ്കുണ്ട്.

ഹാർബർ അടിത്തട്ടുകളിൽ പല സാഹചര്യത്തിലും മണ്ണടിയുന്നുണ്ട്. ഇവ കൃത്യമായി പരിശോധിക്കുന്നതിലൂടെ വള്ളം മറിയുന്നതു പോലുള്ള ദുരന്തങ്ങൾ തടയാനാകും. അഴിമുഖങ്ങളിലും ഹാർബറുകളിലും അടിഞ്ഞു കൂടുന്ന മണ്ണിന്റേയും അവിടെല്ലാം എത്രത്തോളം ഡ്രെഡ്ജ് ചെയ്യണമെന്നുമുള്ള കൃത്യമായി വിവരങ്ങൾ ഉൾപ്പടുത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ സമുദ്രമാർഗമുള്ള ഗതാഗതം സുഗമമാക്കാനാകും. മുതലപ്പൊഴി മുതൽ തങ്കശ്ശേരി വരെ ഹൈഡ്രോഗ്രാഫിക് വിംഗ് നടത്തിയ സർവ്വേയുടെ റിപ്പോർട്ട് മന്ത്രി വിവിഡ് കോർപ്പറേഷന് കൈമാറി.

സുരക്ഷിതമായ ജലഗതാഗതത്തിനും തുറമുഖങ്ങളുടേയും മത്സ്യബന്ധനമേഖലകളുടേയും സുരക്ഷിത സ്ഥാനങ്ങൾ കണ്ടെത്തുന്നതിനും അപകടസാധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനും കഴിയുന്നത് ഹൈഡ്രോഗ്രാഫിക് സംവിധാനത്തിന്റെ മേൻമയാണെന്ന് ദിനാഘോഷ വേളയിൽ നൽകിയ സന്ദേശത്തിൽ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ചടങ്ങിൽ വി. എസ്. ശിവകുമാർ എം. എൽ. എ. അധ്യക്ഷത വഹിച്ചു. സമുദ്രമാർഗമുള്ള വികസനത്തിന്റെ പാത ഒരുക്കാൻ ഹൈഡ്രോഗ്രാഫിക് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കാകണമെന്ന് അദ്ദേഹം പറഞ്ഞു.

ചീഫ് ഹൈഡ്രോഗ്രാഫർ എ.പി. സുരേന്ദ്രലാൽ, വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ജയകുമാർ. വി. ജിറോഷ്‌കുമാർ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് നടന്ന സെമിനാറിൽ ജി. പ്രശാന്ത് നായർ, ഡോ. കെ. കെ. രാമചന്ദ്രൻ, ജിമ്മി ജോർജ്, ഡോ. റ്റി.എൻ. പ്രകാശ് തുടങ്ങിയവർ വിഷയാവതരണം നടത്തി. ഉദ്യോഗസ്ഥർക്കുള്ള പരിശീലനവും സർവ്വേ റിപ്പോർട്ടുകളുടെ പ്രദർശനവും നടന്നു.

NO COMMENTS