150 ഗ്രാമ പഞ്ചായത്തുകളിൽ കൂടി ഐ എൽ ജി എം എസ് സോഫ്റ്റ്വെയർ വിന്യസിച്ചു

30

സംസ്ഥാനത്തെ 150 ഗ്രാമപഞ്ചായത്തുകളിൽ കൂടി ഐഎൽജിഎംഎസ് സോഫ്റ്റ്വെയർ വിന്യസിക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻമാസ്റ്റർ നിർവഹിച്ചു. ഓഫീസുകളിൽ പോകാതെ തന്നെ സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാകുന്നത് ഭരണസംവിധാനത്തിനാകെ കൂടുതൽ വേഗത കൈവരിക്കുവാൻ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.

ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച അതിനൂതനമായ സോഫ്റ്റ്വെയർ ആപ്ലിക്കേഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായം (ഐഎൽജിഎംഎസ്).ആദ്യഘട്ടത്തിൽ കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളിൽ ഐഎൽജിഎംഎസ് വിന്യസിച്ചിട്ടുണ്ട്.

രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളിൽ ഐഎൽജിഎംഎസ് വിന്യസിക്കുന്നതിനുള്ള നടപടികൾ പൂർത്തി യായി. ഈ 303 ഗ്രാമപഞ്ചായത്തുകളിലേക്ക് സോഫ്റ്റ്വെയറിൽ രജിസ്റ്റർ ചെയ്ത ലോഗിനിലൂടെയും അക്ഷയ സെന്ററുകളിലൂടെയും 213 സേവനങ്ങൾ ലഭിക്കുന്നതിനായി ഓൺലൈനായി അപേക്ഷിക്കുന്നതിനും ഓൺലൈനിൽ പണമടയ്ക്കുന്നതിനും സേവനങ്ങൾ ഓൺലൈനായി ലഭിക്കുന്നതിനും പൊതു ജനങ്ങൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ശേഷിക്കുന്ന 638 ഗ്രാമപഞ്ചായത്തുകളിൽ കൂടി സേവനങ്ങൾക്കായി ഓൺലൈനിൽ അപേക്ഷിക്കുന്നതിനും അപേക്ഷ യോടൊപ്പം നൽകാനുള്ള ഫീസുകൾ ഓൺലൈനിൽ അടയ്ക്കുന്നതിനുമുള്ള സംവിധാനം ഐഎൽജിഎംഎസിന്റെ തന്നെ ഭാഗമായുള്ള സിറ്റിസൺ പോർട്ടലിലൂടെയും ലഭ്യമാക്കിയിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, പഞ്ചായത്ത് വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ, ഇൻഫർമേഷൻ കേരള മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ എസ്. ചന്ദ്രശേഖർ, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ.എം ഉഷ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

NO COMMENTS