ഓലാട്ട് ആരോഗ്യ കേന്ദ്രത്തിന് 1.65 കോടി അനുവദിച്ചു

77

കാസര്‍കോട് വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ആരേഗ്യകേന്ദ്രങ്ങള്‍ ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി എഫ്.എച്ച്.സി ഓലാട്ടിന് പുതിയ ബ്ലോക്കിന്റെ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. 1.65 കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുളളത്. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം എം.എല്‍.എ. എം.രാജഗോപാലന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്ത് വിഹിതമായി 10 ലക്ഷം രൂപയും 30 ലക്ഷം രൂപ കാസര്‍കോട് വികസന പാക്കേജില്‍ നിന്നും അനുവദിക്കും.

പദ്ധതിയില്‍ പുതിയ പ്രത്യേക ബ്ലോക്ക് നിര്‍മ്മാണത്തോടൊപ്പം പ്രത്യേകം വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ജനസൗഹൃദകരമായ ആരോഗ്യവിതരണ സംവിധാനം സൃഷ്ടിക്കുക എന്നതാണ് മിഷന്‍ ആര്‍ദ്രം ലക്ഷ്യമിടുന്നത്.

ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍, പൊതുമരാമത്ത് കെട്ടിട നിര്‍മ്മാണ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ദയാനന്ദ മറ്റ് അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

NO COMMENTS