ബാലാവകാശങ്ങളെ കുറച്ച് അവബോധം സൃഷ്ടിക്കുന്നത് മാധ്യമ കടമ: ജസ്റ്റിസ് മുഹമ്മദ് നിയാസ്

17

തിരുവനന്തപുരം : കുട്ടികൾക്ക് നിയമം അനുശാസിക്കുന്ന അവകാശങ്ങളെ കുറിച്ച് സമൂഹത്തെ ബോധ്യപ്പെടു ത്തേണ്ടത് മാധ്യമങ്ങളുടെ കടമയാണെന്ന് ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി പറഞ്ഞു. സാർവ്വദേശീയ ശിശുദിനത്തോടനു ബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ മസ്‌ക്കറ്റ് ഹോട്ടലിൽ നടത്തിയ ‘കുട്ടികളുടെ അവകാശ സംരക്ഷണ നിയമങ്ങളും മാധ്യമങ്ങളും’ എന്ന വിഷയത്തിലെ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശങ്ങളെ പറ്റി മാധ്യമങ്ങളിലൂടെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കണമെന്ന് കമ്മീഷൻസ് ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് ആക്ട് 2005ൽ കൃത്യമായി പറയുന്നുണ്ട്.
മാധ്യമ വാർത്തകൾക്ക് സമൂഹം വലിയ ആധികാരികത കല്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കുട്ടികളുടെ നിയമപരമായ അവകാശങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തുവാൻ മാധ്യമങ്ങൾക്കപ്പുറം ആർക്കും സാധിക്കില്ല.

ഇരകളായ കുട്ടികളെ തിരിച്ചറിയാവുന്ന തരത്തിൽ മാധ്യമങ്ങൾ വാർത്ത കൊടുക്കരുത്. പോക്‌സോ കേസുകളിൽ ഇരയുടെ പേരു മാത്രമല്ല ഇരയെ തിരിച്ചറിയാവുന്ന തരത്തിൽ ഇരയുമായി ബന്ധപ്പെട്ടവരുടെയോ ഇരയുടെ പരിസരത്തെ പറ്റിയോ റിപ്പോർട്ട് ചെയ്യുന്നത് കുറ്റകരമാണെന്ന് അദ്ദേഹം പറഞ്ഞു.

അതിക്രമങ്ങൾക്ക് ഇരകളാകുന്ന കുട്ടികൾ സമൂഹത്തിൽ ഒറ്റപ്പെടാതിരിക്കാനും അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുമാണ് ഇരയുടെ പേരും മറ്റു വിവരങ്ങളും പുറത്ത് വിടരുതെന്ന് നിയമം അനുശാസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെ അടിമകളായല്ല മറിച്ച് സാമൂഹത്തിന്റെ മുന്നേറ്റത്തിനുള്ള ചാലകശക്തികളായാണ് കാണേണ്ടതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ പറഞ്ഞു.
സാമൂഹിക അവബോധത്തിന്റെ കുറവ് മാധ്യമങ്ങൾക്കുണ്ടെന്നും നവമാധ്യമങ്ങളുടെ കടന്നുവരവോടെ മാധ്യമങ്ങൾ ഏതെന്നും വാർത്ത എന്തെന്നും നിർവചിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ചടങ്ങിൽ മുഖ്യാതിഥിയായ രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് പറഞ്ഞു.

മുതിർന്ന പൗരൻമാർക്ക് തുല്യമായ അവകാശങ്ങളാണ് ഇന്ത്യൻ ഭരണഘടന കുട്ടികൾക്ക് നൽകിയിട്ടുള്ളതെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് പറഞ്ഞു.

കേരള സർവ്വകലാശാല അസിസ്റ്റൻറ് പ്രൊഫസർ ഡോ. കെ അരുൺകുമാർ സെമിനാറിൽ വിഷയാവതരണം നടത്തി. കമ്മീഷൻ അംഗങ്ങളായ റെനി ആൻറണി, കെ. നസീർ, അനിത ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു. സ്‌കൂൾ, ജേണർലിസം വിദ്യാർത്ഥികളും മാധ്യമപ്രവർത്തകരും സെമിനാറിൽ പങ്കെടുത്തു.

NO COMMENTS