കര്‍ഷകരെ തഴഞ്ഞ് മുന്നോട്ട് പോകാനാകില്ല ; മന്ത്രി വി.എന്‍. വാസവന്‍

16

കര്‍ഷകരെ തഴഞ്ഞ് സമൂഹത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് സഹകരണം, രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍. സഹകരണ മേഖല കാര്‍ഷിക രംഗത്തെ വികസനത്തിനായി ഒരുമിച്ചു നിന്നു പ്രവര്‍ത്തിക്കുകയാ ണെന്നും വ്യവസായ പുരോഗതിയില്‍ കര്‍ഷകന്റെ പങ്ക് നിര്‍ണായകമാണെന്നും കാര്‍ഷിക മേഖലയില്‍ കൃഷിക്കാരുടെ അത്താണിയായാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ദേശസാല്‍കൃത – ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ ലയനത്തോടെ രാജ്യത്താകെ 2218 ശാഖകളാണ് അടച്ചു പൂട്ടിയത്. എബിടി – എസ്ബിഐ ലയനം കഴിഞ്ഞപ്പോള്‍ കേരളത്തിലെ 117 ശാഖകളും നിരവധി അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളും അടച്ചുപൂട്ടി. കാര്‍ഷിക മേഖലയിലും കുടില്‍ വ്യവസായ രംഗത്തും വായ്പകള്‍ നല്‍കി സഹായിക്കാനായി നടത്തിയ ബാങ്ക് ദേശസാല്‍കരണം ഇതോടെ ഇല്ലാതായി. ഈ ഘട്ടത്തില്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും താങ്ങായി സമാന്തര സാമ്ബത്തിക സങ്കേതങ്ങളായി നില്‍ക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് കഴിഞ്ഞു.

പ്രളയവും കൊവിഡും പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ മൊറട്ടോറിയം അടക്കമുള്ള സഹായ പദ്ധതികള്‍ സഹകരണ മേഖല നടപ്പിലാക്കി. പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ 2600 വീടുകള്‍ നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഇതില്‍ 2006 വീടുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. പൊതുജനങ്ങളുടെ ഏതൊരു അവസ്ഥയിലും കൈത്താങ്ങായി നില്‍ക്കാന്‍ സഹകരണ മേഖലയ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

എല്ലാത്തരത്തിലുള്ള ജനോപകാര നടപടികളുമായി മുന്നോട്ട് പോകുമ്ബോള്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമല്ലാത്ത ഈ പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു മുന്നോട്ട് പോകുകയാണ് സഹകരണ വകുപ്പ്. ഭരണ സമിതിയായാലും ഉദ്യോഗസ്ഥരായാലും ശക്തമായ നടപടികള്‍ സ്വീകരിക്കും. നിക്ഷേപകര്‍ക്ക് ആശങ്കയില്ലാത്ത വിധം നിക്ഷേപങ്ങള്‍ മടക്കി നല്‍കാന്‍ ആവശ്യമായ നടപടികളും സ്വീകരിക്കും.

തൃശ്ശൂരിലുണ്ടായ സംഭവത്തില്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ച്‌ നിക്ഷേപം മടക്കി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങളെ സാമാന്യവല്‍ക്കരിച്ച്‌ സഹകരണ മേഖലയ്ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS