ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി

7

കാസറകോട് : ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണ പ്രവൃത്തി നടക്കുക. പാക്കം ജിഎച്ച്എസ്എസ്, അടുക്കത്ത്ബയല്‍ ജിയുപിഎസ്, കുമ്പള ജിഎച്ച്എസ്എസ്, വിദ്യാഗിരി എസ്എബിഎംപി യുപി സ്‌കൂള്‍, പനങ്ങാട് ജിയുപിഎസ്, കുഞ്ചത്തൂര്‍ ജിവിഎച്ച്എസ്എസ്, കാസര്‍കോട് ജിയുപിഎസ്, പടന്ന ജിയുപിഎസ് എന്നീ സ്‌കൂളുകളിലാണ് പുതിയതായി കെട്ടിടം ഒരുങ്ങുക.

പാക്കം ജിഎച്ച്എസ്എസ് സ്‌കൂളിലെ സയന്‍സ്, കൊമേഴ്‌സ് ബാച്ചുകളിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി/ബോട്ടണി ലാബുകളുടെ കെട്ടിട നിര്‍മ്മാണത്തിനായി 1.50 കോടി രൂപയാണ് വകയിരുത്തിയത്. അടുക്കത്ത്ബയല്‍ ജി യു പി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന ആറ് ക്ലാസ് മുറികള്‍ ഉളള ഇരുനില കെട്ടിട നിര്‍മ്മാണത്തിന് 110 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. വിദ്യാഗിരി എസ് എ ബി എം പി യുപി സ്‌കൂളില്‍ 1.65 കോടി മുതല്‍ മുടക്കില്‍ എട്ട് ക്ലാസ് മുറികളുള്ള ബ്ലോക്കും പടന്ന ജി യു പി സ്‌കൂളില്‍ 70 ലക്ഷം മുതല്‍ മുടക്കില്‍ ആറ് ക്ലാസ് മുറികളും ഒരു സ്റ്റാഫ് മുറിയുമുള്ള ബ്ലോക്കുമാണ് നിര്‍മ്മിക്കുക.

കുഞ്ചത്തൂര്‍ ജി വി എച്ച് എസ്് സ്‌കൂളില്‍ എട്ട് ക്ലാസ് മുറികളുടെ നിര്‍മ്മാണത്തിനും പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേക ശൗചാലയങ്ങളുടെ നിര്‍മ്മാണത്തിനുമായി 1.90 കോടി രൂപയാണ് വകയിരുത്തിയത്. പനങ്ങാട് ജി യു പി സ്‌കൂളില്‍ നിലവിലെ കെട്ടിടത്തിന്റെ നവീകരണത്തിനായി 10 ലക്ഷം രൂപയും കാസര്‍കോട് ജി യു പി സ്‌കൂളില്‍ രണ്ട് ക്ലാസ് മുറികളുടെ നിര്‍മ്മാണത്തിനും നിലവിലെ കെട്ടിടത്തിന്റെ നവീകരണത്തിനുമായി 35 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.