കാസര്‍കോട്‌ അടുക്കത്ത്‌ ബയലില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു

95

കാസര്‍കോട്‌ : മംഗളൂരു- കാസര്‍കോട്‌ ദേശീയപാതയില്‍ അടുക്കത്ത്‌ ബയലില്‍ പാചകവാതക ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു.ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ്‌ അപകടം. ഗ്യാസ് ചോര്‍ന്നതിനെ നാട്ടുകാരെ ഒഴിപ്പിച്ചു. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും തടഞ്ഞു.

സംഭവം നടന്നയുടന്‍ സമീപത്തെ സഹകരണ ബാങ്ക്‌ വാച്ച്‌മാന്‍ മനോജ്‌ ഷെട്ടിയാണ്‌ കാസര്‍കോട്‌ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്‌. ഉടന്‍ സ്ഥലത്തെത്തി യ ഫയര്‍ഫോഴ്‌സ്‌ സംഘം ആവശ്യമായ ജാഗ്രതാനിര്‍ദേശങ്ങള്‍ നല്‍കി. സുരക്ഷ മുന്‍നിര്‍ത്തി വീട് ഒഴിഞ്ഞുപോകാന്‍ സമീപത്തെ നിരവധി കുടുംബങ്ങളോട് ആവശ്യപ്പെട്ടതിനാല്‍ ഇവര്‍ ബന്ധുവീടുകളിലേക്കും മറ്റും മാറി. ഉടന്‍തന്നെ വൈദ്യുതി ബന്ധവും വിഛേദിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ അഞ്ചരയോടെ താല്‍കാലികമായി പാചകവാതക ചോര്‍ച്ച തടയാനായി.എന്നാല്‍ ആറരയോടെ വീണ്ടും ചോര്‍ച്ച തുടങ്ങിയത്‌ ജനങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ജീവനക്കാരിലും ആശങ്കയുണര്‍ത്തി.

ഫയര്‍ഫോഴ്‌സിന്റെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ അപകടം ഒഴിവാക്കാനായി. ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഓഫീസര്‍മാരും മോട്ടോര്‍ വാഹനവകുപ്പ്‌ അധികൃതരും സ്ഥലത്തെത്തി. അപകടം നടന്ന പ്രദേശത്തെ സ്കൂള്‍, മദ്രസ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഡോ. ഡി സജിത്‌ബാബു ബുധനാഴ്ച അവധി നല്‍കി.

മംഗളൂരു ഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങള്‍ ഉളിയത്തടുക്ക- ചൗക്കി വഴിയും വലിയ വാഹനങ്ങള്‍ സീതാംഗോളി– കുമ്ബള വഴിയുമാണ് തിരിച്ചുവിട്ടത്.

NO COMMENTS