തിരുവനന്തപുരം: ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ വഴിയാത്രക്കാരെയും എതിരെ വരുന്ന വാഹനങ്ങളെയും ഇടിച്ച് തെറിപ്പിക്കുകയും റോഡ് കുരുതിക്കളമാക്കുകയും ചെയ്യുന്നതില്‍ മലയാളികള്‍ കഴിഞ്ഞേയുള്ളൂ മറ്റെല്ലാവരും. റോഡ് സുരക്ഷ തെല്ലും പാലിക്കാത്ത കേരളത്തില്‍ ഓരോ ദിവസവും ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ അതിന് തെളിവാണ്. ഇപ്പോഴിതാ, രാജ്യത്തെ ഏറ്റവും മോശം ഡ്രൈവര്‍മാര്‍ എന്ന ദുഷ്പേരും മലയാളികള്‍ക്ക് ലഭിച്ചിരിക്കുന്നു.
ഇന്ത്യയിലെ മൊത്തം വാഹനങ്ങളുടെ 10 ശതമാനം മാത്രമേ കേരളത്തിലുള്ളൂ.എന്നിട്ടാണ് റോഡ് സുരക്ഷയുടെ കാര്യത്തില്‍ കേരളം ഏറ്റവും പിന്നില്‍നില്‍ക്കുന്നത്.
2015-ല്‍ ഏറ്റവും റോഡപകടങ്ങളുടെയും കുറ്റകരമായ രീതിയില്‍ വാഹനമോടിച്ചതിനും രേഖപ്പെടുത്തപ്പെട്ട കേസുകളുടെ എണ്ണത്തില്‍ കേരളമാണ് മുന്നില്‍.
ഇന്ത്യയിലേറ്റവും കൂടുതല്‍ വാഹനാപട കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ മൂന്ന് സ്ഥാനങ്ങളിലും കേരള നഗരങ്ങളാണ്. തിരുവനന്തപുരത്ത് 12,444 വാഹനാപകട കേസുകളും കൊച്ചിയില്‍ 10,502 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് തൃശൂരാണ്. 8068 കേസ്സുകള്‍. കേരളത്തില്‍ ആകെയുള്ളതിനെക്കാള്‍ കൂടുതല്‍ വാഹനങ്ങളുള്ള ഡല്‍ഹിയില്‍ 7411 കേസുകളാണ് ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രായപൂര്‍ത്തിയാകാത്ത ഡ്രൈവര്‍മാര്‍ ഉണ്ടാക്കുന്ന അപകടങ്ങളുടെ കാര്യത്തിലും കേരളം തന്നെ മുന്നില്‍. രാജ്യത്താകെ ഇത്തരം 1538 കേസ്സുകളാണ് 2015-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 500-ലേറെ കേസ്സുകള്‍ കേരളത്തിലാണ്. ഡല്‍ഹിയാണ് കേരളത്തിന് പുറത്തുള്ള നഗരങ്ങളില്‍ ഇക്കാര്യത്തിലും മുന്നില്‍.
കേരളത്തിലെ താറുമാറായ റോഡുകളാണ് അപകടത്തിന് കാരണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. മൂന്നരക്കോടിയോളം ജനസംഖ്യയുള്ള കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം ഒരുകോടിയോളം വരും. ഇടുങ്ങിയ റോഡുകളുള്ള കേരളത്തിന് താങ്ങാവുന്നതിലേറെയാണ് ഇതെന്നും ഋഷിരാജ് സിങ് പറയുന്നു.