എറണാകുളം: കോതമംഗലത്ത് പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘം പിടിയില്‍. പമ്പ് ഉടമയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘം പിടിയിലായത്.
ഇടുക്കി കുമളി സ്വദേശി നാഗരാദു,തമിഴ്നാട് സ്വദേശികളായ ഗണപതി, പ്രഭു എന്നിവര്‍ പെട്രോള്‍ പമ്പ് കേന്ദ്രീകരിച്ച് ഏറെനാളായി തട്ടിപ്പ് നടത്തിവരികയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
മൂന്നംഗ സംഘത്തിൻറെ തട്ടിപ്പ് രീതി ഇങ്ങനെ. പെട്രോള്‍ നിറയ്ക്കാൻ കാറുമായി ഇവര്‍ പമ്പിലെത്തും.1000രൂപ പമ്പ് ജീവനക്കാരൻ കൊടുത്ത് 100 രൂപയക്ക് പെട്രോള്‍ നിറയ്ക്കാൻ ആവശ്യപ്പടും.ബാക്കി തുക വാങ്ങുന്നതിനിടയില്‍ സംഘത്തിലെ രണ്ടാമൻ ആയിരം രൂപയ്ക്ക് ചില്ലറ ആവശ്യപ്പെടും.തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പമ്പ് ജീവനക്കാരനെ ആശയക്കുഴപ്പത്തിലാക്കി പണം തട്ടിയെടുത്ത് മുങ്ങുകയാണ് പതിവ്.
കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തുന്നതിനിടെ സിസിടിവി ദ്യശ്യം കണ്ട് പമ്പ് ഉടമ പൊലീസില്‍ വിവരം അറിയിച്ചു.തുടര്‍ന്നു പൊലീസ് ഇവരെ കോതമംഗലത്ത് വെച്ച് അറസ്റ്റ് ചെയ്തു.