ഭിവാനി • ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതിയുടെ നടത്തിപ്പ് കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ജീവനൊടുക്കിയ വിമുക്ത ഭടന്‍ റാം കിഷന്‍ ഗ്രേവാളിന്‍റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ സഹായധനം പ്രഖ്യാപിച്ചു. റാം കിഷന്‍ ഗ്രേവാളിന്‍റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഹരിയാനയിലെ ഭിവാനിയിലുള്ള വസതിയിലെത്തിയ കേജ്‍രിവാള്‍, അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഭിവാനിയിലെ ഗ്രേവാളിന്‍റെ ഭവനത്തില്‍ നടന്ന സംസ്കാര ചടങ്ങുകളില്‍ സംബന്ധിച്ചു. ഗ്രേവാളിന്റെ മരണം നിഷ്ഫലമായിപ്പോകാന്‍ ഒരു കാരണവശാലും സമ്മതിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി വ്യക്തമാക്കി. വിമുക്ത ഭടന്‍മാരുടെ അവകാശങ്ങള്‍ക്കായി പോരാടിയ ഗ്രേവാളിന് രക്തസാക്ഷി പദവി നല്‍കും. ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കേജ്രിവാള്‍ പ്രഖ്യാപിച്ചു. അതേസമയം, ഹരിയാനയിലെ ബിജെപി സര്‍ക്കാരും ഗ്രേവാളിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.