ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്പോഴും അഭ്യൂഹങ്ങള്‍ക്ക് അവസാനമില്ല. ജയയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതായി വീണ്ടും റിപ്പോര്‍ട്ടുകള്‍. മുന്‍കരുതലെന്ന നിലയ്ക്ക് ചെന്നൈയിലും തമിഴ്നാട്ടിലെ മറ്റ് പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കി.സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്ന് കൂടുതല്‍ പോലീസ് സേനയെ ചെന്നൈയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്ന ചെന്നൈ അപ്പോളോ ആശുപത്രിക്ക് മുന്നില്‍ വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ചെന്നൈയ്ക്ക് പുറമെ കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവടങ്ങളിലും അതീവ ജാഗ്രതയാണ് പോലീസ് പുലര്‍ത്തുന്നത്.ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ ജയ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പനിയും നിര്‍ജലീകരണത്തെയും തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അതിനിടെ ജയലളിതയുടെ ആരോഗ്യസ്ഥിതി എന്താണെന്ന വ്യക്തമായ വിവരം പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ രാഷ്ട്രപതിയെ സമീപിച്ചു. സുപ്രീം കോടതിയിലെ അഭിഭാഷകനായ രോഹന്‍ എസ്. ബെല്‍ ആണ് രാഷ്ട്രപതിക്ക് കത്ത് എഴുതിയത്. ജയയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സംസ്ഥാന ഗവര്‍ണറില്‍ നിന്ന് രാഷ്ട്രപതി റിപ്പോര്‍ട്ട് തേടണമെന്നും അഡ്വ. രോഹന്‍ ആവശ്യപ്പെട്ടു.