അവധി നിഷേധിച്ചതിനെത്തുടര്‍ന്ന് ഗര്‍ഭഛിദ്രം; 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍

214

ആലപ്പുഴ: ഗര്‍ഭിണിയായ യുവതിക്ക് അവധി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഓഫീസിലേക്കുള്ള യാത്രയ്ക്കിടയില്‍ ഗര്‍ഭച്ഛിദ്രം ഉണ്ടായ സംഭവത്തില്‍ സര്‍ക്കാര്‍ 25000 രൂപനഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മൂന്ന് മാസത്തിനകം തുക നല്‍കണം. പണം സര്‍ക്കാര്‍ നല്‍കിയ ശേഷം ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍നിന്നും ഈടാക്കണം. പരാതിക്കാരിക്ക് അവധി നിഷേധിക്കുകയും മോശമായി പെരുമാറുകയും ചെയ്ത അരൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്‍റ് സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട് എന്നിവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനും കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു.
നടപടി റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം കമ്മിഷനു സമര്‍പ്പിക്കണം. അരൂര്‍ പഞ്ചായത്തിലെ ജീവനക്കാരി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഗര്‍ഭിണിയായപ്പോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അവധിക്ക് അപേക്ഷിച്ചെങ്കിലും അരൂര്‍ പഞ്ചായത്ത് സെക്രട്ടറി അവധി അനുവദിച്ചില്ലെന്നാണു പരാതി. തുടര്‍ന്ന് യാത്രയ്ക്കിടയില്‍ രക്തസ്രാവം ഉണ്ടാവുകയും ഗര്‍ഭച്ഛിദ്രം സംഭവിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി ആലപ്പുഴ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ കമ്മിഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. പരാതിക്കാരി ഓഫീസിലേക്ക് പോകുന്ന വഴിയാണ് രക്തസ്രാവം ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY