പ്ലസ് വൺ പരീക്ഷയെ ബാധിക്കാത്ത വിധത്തിലായിരിക്കും പ്ലസ് ടുവിനുള്ള ഫസ്റ്റ്‌ബെൽ 2.0 ക്ലാസുകൾ

9

തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്സ് ചാനലിൽ ജൂൺ ഏഴു മുതൽ ട്രയൽ അടിസ്ഥാനത്തിൽ ആരംഭിച്ച പ്ലസ്ടു ക്ലാസുകൾ പ്ലസ് വൺ പൊതു പരീക്ഷക്ക് ഒരു മാസം മുമ്പ് നിർത്തും. പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് ഒരു മാസം മുമ്പ് ആരംഭിക്കുന്ന റിവിഷൻ ക്ലാസുകളും പരീക്ഷാ കാലയളവും കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും തുടർന്ന് പ്ലസ് ടു ക്ലാസുകൾ സംപ്രേഷണം ചെയ്യുക.

കഴിഞ്ഞ വർഷം പൊതുപരീക്ഷ എഴുതിയ പത്താം ക്ലാസിലെയും പ്ലസ് ടുവിലേയും കുട്ടികൾക്ക് നൽകിയപോലെ പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷൻ ക്ലാസുകളും സംശയ നിവാരണത്തിനുള്ള ലൈവ് ഫോൺ-ഇൻ-പരിപാടികളുമായിരിക്കും ഈ കുട്ടികൾക്കായി കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യുക.

ജൂൺ മാസം തന്നെ പ്ലസ് ടു ക്ലാസുകളുടെ സംപ്രേഷണം ആരംഭിച്ചത് കൂടുതൽ പഠന ദിനങ്ങൾ കുട്ടികൾക്ക് ലഭിക്കാനാണ്. അതോടൊപ്പം ഈ ആഴ്ചയിലെ ട്രയലും ജൂൺ 14 മുതൽ 18 വരെയുള്ള പുനഃസംപ്രേഷണവും കഴിഞ്ഞ ശേഷം കുട്ടികൾക്ക് ക്ലാസുകൾ കാണാൻ അവസരം ഉണ്ട് എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ തുടർ ക്ലാസുകൾ സംപ്രേഷണം ചെയ്യൂ. ഇക്കാര്യങ്ങളിൽ കുട്ടികൾ യാതൊരു ആശങ്കയും ആവശ്യമില്ലെന്ന് കൈറ്റ് സി.ഇ.ഒ അറിയിച്ചു.

NO COMMENTS