ദക്ഷിണ ചൈനാക്കടൽ വിഷയം സംഘർഷത്തിലേക്ക്

147

ബെയ്ജിങ്∙ ദക്ഷിണ ചൈനാക്കടലിൽ ചൈനയ്ക്ക് അവകാശമില്ലെന്ന യുഎൻ കോടതിയുടെ സുപ്രധാന വിധിയെ വെല്ലുവിളിച്ച് ചൈന വീണ്ടും രംഗത്ത്. ഹേഗിലെ ആർബിട്രേഷൻ കോടതി വിധി പ്രദേശത്തെ അതിർത്തി തർക്കം രൂക്ഷമാക്കുമെന്നും ഇത് വൻ ഏറ്റുമുട്ടലിലേക്കുപോലും നയിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും യുഎസിലെ ചൈനീസ് സ്ഥാനപതി സൂയി ടിയാൻകായ് അഭിപ്രായപ്പെട്ടു.

അതിർത്തി തർക്കങ്ങൾ ചർച്ചയിലൂടെയും പരസ്പര ധാരണയിലൂടെയും പരിഹരിക്കാനുള്ള രാജ്യങ്ങളുടെ ശ്രമത്തിന് തുരങ്കം വയ്ക്കുന്നതാണ് ഇത്തരം വിധികളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ദക്ഷിണ ചൈനാക്കടലുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങളിൽ ചർച്ചയ്ക്ക് തയാറാണെന്നും വാഷിങ്ടണിലെ ഒരു രാജ്യാന്തര ഫോറത്തിൽ സംസാരിക്കവെ സൂയി ടിയാൻകായ് വ്യക്തമാക്കി.
ദക്ഷിണ ചൈനാക്കടലിലെ തങ്ങളുടെ മൽസ്യബന്ധന അധികാരങ്ങളിൽ ചൈന കൈകടത്തുന്നതിനെതിരെ മൂന്നുവർഷം മുൻപു ഫിലിപ്പീൻസ് നൽകിയ കേസിൽ വിധി പറയവെയാണ് അതിർത്തി തർക്കത്തിൽ നിർണായകമായ പരാമർശങ്ങളും യുഎൻ കോടതി നടത്തിയത്. ആഴം കുറഞ്ഞ സമുദ്രഭാഗങ്ങളിലൊന്നായ സ്കാർബറൊയിൽ ഫിലിപ്പീൻസിനുള്ള മൽസ്യബന്ധന അധികാരങ്ങളിൽ കൈകടത്താ‍ൻ ചൈനയ്ക്ക് അവകാശമില്ലെന്നും റീഡ് ബാങ്ക് എന്ന ഭാഗത്തു ചൈന ഇപ്പോൾ നടത്തുന്ന എണ്ണ–വാതക പര്യവേക്ഷണങ്ങൾ നിയമ വിരുദ്ധമാണെന്നും യുഎൻ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഹേഗിലെ ആർബിട്രേഷൻ കോടതി വിധി മാനിക്കുന്നില്ലെന്നും ദക്ഷിണ ചൈനാക്കടലിന്റെ ഒട്ടുമുക്കാൽ ഭാഗങ്ങളും തങ്ങളുടേതാണെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും വിധി പുറത്തുവന്നതിന് പിന്നാലെതന്നെ ചൈന വ്യക്തമാക്കിയിരുന്നു. ചൈനക്കാർക്കു ദക്ഷിണ ചൈനാക്കടലിലുള്ള അവകാശത്തിനു രണ്ടായിരം വർഷത്തെ പഴക്കമുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവർത്തിക്കുന്നു.
എണ്ണ, വാതക പാടങ്ങളാൽ സമ്പന്നവും മൽസ്യസമൃദ്ധവുമായ ദക്ഷിണ ചൈനാക്കടൽ വിലപിടിച്ച വ്യാപാരപാതയുമാണ്. ഇതുവഴി കപ്പൽമുഖാന്തരമുള്ള പ്രതിവർഷ വ്യാപാരം അഞ്ചുലക്ഷം കോടി ഡോളറിന്റേതാണെന്നാണ് കണക്ക്. ചൈന, ഫിലിപ്പീൻസ്, വിയറ്റ്നാം, തയ്‌വാൻ, മലേഷ്യ, ബ്രൂണെയ് എന്നീ രാജ്യങ്ങളാണ് ദക്ഷിണ ചൈനാക്കലടലിനുമേൽ അവകാശവാദം ഉന്നയിക്കുന്നത്.
courtesy : manorama online

NO COMMENTS

LEAVE A REPLY