തിരുവനന്തപുരം • ബന്ധുനിയമനങ്ങളുടെ ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടതിനു തെളിവുണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ഡി.സതീശന്‍. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു സതീശന്‍. മുഖ്യമന്ത്രി കാണണമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി ഫയലില്‍ എഴുതിയിരുന്നു. നിയമനം അറിഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം സാമാന്യയുക്തിക്കു നിരക്കാത്തതെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. അതേസമയം, വിജിലന്‍സ് ഡയറക്ടര്‍ വേഷംമാറി മുഖ്യമന്ത്രിയെ കണ്ടതെന്തിനെന്നും സതീശന്‍ ചോദിച്ചു. കൂട്ടിലെ തത്ത സ്വതന്ത്രമായെങ്കില്‍ എന്തിനായിരുന്നു രഹസ്യ കൂടിക്കാഴ്ച തത്ത ഇപ്പോള്‍ ക്ലിഫ് ഹൗസ് പരിസരത്ത് പറക്കുകയാണ്. എന്നാല്‍ തത്തയുടെ കാല്‍ തല്ലിയൊടിച്ചു ചിറകു മുറിക്കുന്ന രീതി പരിചയമില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. തത്തയ്ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തത്തയുടെ പേരില്‍പ്പോലും അഴിമതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തത്തയ്ക്ക് ആരു ചുവപ്പു കാര്‍ഡ് കാട്ടുമെന്നും അദ്ദേഹം ചോദിച്ചു.