ലണ്ടൻ: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബ്രിട്ടനിലെത്തി. തിങ്കളാഴ്ച രാവിലെ എയർഫോഴ്സ് വൺ വിമാനത്തിൽ ലണ്ടൻ വിമാനത്താവളത്തിലാണ് ട്രംപും ഭാര്യ മെലാനിയയും വന്നിറങ്ങിയത്.
എലിസബത്ത് രാജ്ഞിയുടെ പ്രത്യേക ക്ഷണപ്രകാരം അതിഥിയായെത്തുന്ന ട്രംപിന് വൻ വരവേൽപ്പാണ് ഒരുക്കിയിരിക്കുന്നത്. എലിസബത്ത് രാജ്ഞി നൽകുന്ന വിരുന്നിൽ പങ്കെടുക്കുന്ന ട്രംപ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തും. ട്രംപിന്റെ സന്ദര്‍ശനം ലോകരാഷ്ട്രങ്ങള്‍ ഏറെ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്.
തെരേസാ മേ നേതൃസ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന ആഴ്ച്ച തന്നെയുള്ള ട്രംപിന്റെ ബ്രിട്ടന് സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അതേസമയം, ട്രംപിനെതിരേ പ്രതിഷേധ പ്രകടനത്തിനു ചില സംഘടനകൾ പദ്ധതിയിട്ടിട്ടുള്ളതിനാൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.