നരേന്ദ്ര മോദി നടത്തിയ എല്ലാ വിദേശയാത്രകളുടെയും ബില്ലുകള്‍ ഹാജരാക്കാന്‍ കേന്ദ്ര വിവരാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു

209

ന്യൂ‍ഡല്‍ഹി• പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ എല്ലാ വിദേശയാത്രകളുടെയും ബില്ലുകള്‍ ഹാജരാക്കാന്‍ കേന്ദ്ര വിവരാവകാശ കമ്മിഷന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വിവരാവകാശ നിയമപ്രകാരം ഇക്കാര്യത്തേക്കുറിച്ച്‌ അന്വേഷിച്ച മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്റെ അപേക്ഷ സുരക്ഷാ കാരണങ്ങളുടെ പേരില്‍ തള്ളിക്കളഞ്ഞതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നേരിട്ടുള്ള ഇടപെടല്‍മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ ലോകേഷ് ബാത്രയാണ് പ്രധാനമന്ത്രിയുടെ വിദേശയാത്രകളുടെ ചെലവുവിവരങ്ങളേക്കുറിച്ച്‌ അറിയണമെന്നാവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. എന്നാല്‍, സുരക്ഷാകാരണങ്ങളുടെ പേരിലും വ്യക്തി സുരക്ഷയെ ബാധിക്കുമെന്ന പേരിലും വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന വിവരാവകാശ നിയമത്തിലെ വ്യവസ്ഥയുടെ ചുവടുപിടിച്ച്‌ വിദേശകാര്യ മന്ത്രാലയം ഈ അപേക്ഷ നിരസിക്കുകയായിരുന്നു. ഇതോടെ, പ്രധാനമന്ത്രിയുടെ വിദേശയാത്രകളുടെ ബില്ലുകള്‍ ഹാജരാക്കാന്‍ കേന്ദ്ര വിവരാവകാശ കമ്മിഷണര്‍ രാധാകൃഷ്ണ മാത്തൂര്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷ നിരസിക്കാന്‍ മാത്രമുള്ള സുരക്ഷാ കാരണങ്ങള്‍ പ്രധാനമന്ത്രിയുടെ വിദേശയാത്രകളുടെ ചെലവുവിവരങ്ങള്‍ പരസ്യപ്പെടുത്തുന്നില്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് ഇത്. പ്രധാനമന്ത്രിയുടെ വിദേശയാത്രകളുടെ ചെലവിനത്തില്‍ ആയിരക്കണക്കിന് കോടി രൂപയാണ് എയര്‍ ഇന്ത്യയ്ക്ക് മാത്രം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടെന്നും, ഇത്തരത്തില്‍ ചെലവഴിക്കുന്നത് നികുതിദായകരുടെ പണമായതിനാല്‍ ഈ ചെലവുവിവരങ്ങളുടെ വിശദാംശങ്ങളേക്കുറിച്ച്‌ അറിയുന്നതിന് പൊതുജനത്തിന് അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലോകേഷ് ബാത്ര വിവരാവകാശ കമ്മിഷനെ സമീപിച്ചത്.

NO COMMENTS

LEAVE A REPLY