കൊച്ചി• മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്മെന്റുകള്‍. സര്‍ക്കാര്‍ ഉത്തരവ് അവഗണിച്ച് സ്വന്തം നിലയില്‍ പ്രവേശന നടപടികളുമായി മുന്നോട്ട് പോകാന്‍ നെടുമ്ബാശ്ശേരിയില്‍ ചേര്‍ന്ന യോഗത്തില്‍ കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു. മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഈയാഴ്ച തന്നെ പരസ്യംനല്‍കും. സീറ്റുകള്‍ ഏറ്റെടുത്ത ഉത്തരവ് പിന്‍വലിക്കാതെ സര്‍ക്കാരുമായി ചര്‍ച്ചവേണ്ടെന്നും അസോസിയേഷന്‍ യോഗം തീരുമാനിച്ചു.ഏറ്റെടുത്ത അന്‍പതു ശതമാനം സീറ്റ് വിട്ടുനല്‍കണം. മാനേജ്മെന്റ് സീറ്റുകളിലെ ഫീസും വര്‍ധിപ്പിക്കണം.
സര്‍ക്കാര്‍ മുന്‍കയ്യെടുത്താല്‍ ചര്‍ച്ചയ്ക്കും ചെറിയ വിട്ടു വീഴ്ചയ്ക്കും തയാറാണ്. അല്ലെങ്കില്‍ നീറ്റ് പരീക്ഷയുടെ റാങ്ക് പട്ടികയില്‍ നിന്ന് സ്വന്തം നിലയില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം നടത്തും. സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും അസോസിയേഷന്‍ തീരുമാനിച്ചു. നിയമോപദേശകര്‍ സര്‍ക്കാരിനെ വഴിതെറ്റിക്കുന്നുവെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു.
സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ കോളജുകള്‍ പൂട്ടേണ്ട സ്ഥിതിയുണ്ടാകുമെന്നാണ് മാനേജ്മെന്റ് അസോസിയേഷന്റെ വാദം. മെഡിക്കല്‍ പ്രവേശനം പൂര്‍ണമായി നീറ്റ് പട്ടികയില്‍ നിന്ന് നടത്തണമെന്ന കേന്ദ്ര നിര്‍ദേശം ലംഘിക്കാന്‍ കഴിയില്ലെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇരുവിഭാഗവും ചര്‍ച്ചയ്ക്ക് തയാറായില്ലെങ്കില്‍ മെഡിക്കല്‍ പ്രവേശന നടപടികള്‍ നീളും.
സ്വാശ്രയ മേഖലയിലെയും കല്‍പിത സര്‍വകലാശാലയിലെയും മുഴുവന്‍ മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലും പ്രവേശനം നടത്തുന്നതിനുള്ള ചുമതല പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്കു നല്‍കി കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.