ന്യൂഡല്‍ഹി: ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ യെമനില്‍ ജീവനോടെയുണ്ടെന്ന് യെമന്‍ സര്‍ക്കാര്‍. ടോം ഉഴുന്നാലിന്റെ വേഗത്തിലുള്ള മോചനത്തിനായി യെമന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് യെമന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അബ്ദുല്‍മാലിക് അബ്ദുല്‍ജലീല്‍ അല്‍-മെഖാല്‍ഫി അറിയിച്ചു. 2016 ഏപ്രിലില്‍ ആണ് ടോം ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. യെമന്‍ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ വിഷയത്തിലുള്ള ആശങ്ക സുഷമ സ്വരാജ് അറിയിച്ചപ്പോഴാണ് ഇതുവരെ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫാദര്‍ ജീവനോടെയുണ്ടെന്ന് യെമന്‍ സര്‍ക്കാര്‍ അറിയിച്ചത്. ഫാദറിന്റെ മോചനവുമായി ബന്ധപ്പെട്ട് എല്ലാ സഹകരണത്തിനും യെമന്‍ സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു ഭവനിലാണ് ഇരുമന്ത്രിമാരും ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. വിവിധ വിഷയങ്ങളും സഹകരണവും ഇരുമന്ത്രിമാരും ചര്‍ച്ചയായി.. ഈ വര്‍ഷം മേയില്‍ തന്നെ മോചിപ്പിക്കണമെന്ന് ഫാ. ടോം ഉഴുന്നാലില്‍ അഭ്യര്‍ഥിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. ക്ഷീണിതനും ദുഃഖിതനുമായി കാണപ്പെടുന്ന ഫാ. ഉഴുന്നാലില്‍, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികില്‍സ ആവശ്യമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.