ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്ന‌് നടന്‍ മോഹന്‍ലാല്‍ വെട്ടിത്തുറന്ന‌് പറഞ്ഞതോടെ ആര്‍എസ‌്‌എസും സംഘപരിവാര്‍ ബന്ധമുള്ള ചില സിനിമക്കാരും വെട്ടിലായി.

273

ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്ന‌് നടന്‍ മോഹന്‍ലാല്‍ വെട്ടിത്തുറന്ന‌് പറഞ്ഞതോടെ സര്‍വേക്കിറങ്ങിയ ആര്‍എസ‌്‌എസും സംഘപരിവാര്‍ ബന്ധമുള്ള തലസ്ഥാനത്തെ ചില സിനിമക്കാരും വെട്ടിലായി. തിരുവനന്തപുരത്ത‌് മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹത്തിന‌ു പിന്നില്‍ സിനിമാമേഖലയുമായി ബന്ധമുള്ള ലാലിന്റെ ചില സുഹൃത്തുക്കളാണ‌്. സംഘപരിവാറുമായി ഇവര്‍ക്കുള്ള ബന്ധമാണ‌് ആര്‍എസുഎസുമായി ചേര്‍ന്ന‌് ഇത്തരം പ്രചാരണം അഴിച്ചുവിടുന്നതിന‌ു പിന്നില്‍. സ്ഥാനാര്‍ഥിയാകാനില്ലെന്ന മോഹന്‍ലാലിന്റെ വിശദീകരണം ഈ സംഘത്തിന‌് കനത്ത തിരിച്ചടിയായി.

കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം മോഹന്‍ലാലിനെയും ചേര്‍ത്താണ‌് ആര്‍എസ‌്‌എസ‌് പ്രചാരണം. മൂന്ന‌ു പേരില്‍ ആരെയെങ്കിലും ഒരാളെ സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍എസ‌്‌എസ‌് സര്‍വേക്കിറങ്ങിയിരിക്കുകയാണത്രേ. ഇതിനെ പിന്തുണയ‌്ക്കുന്ന മട്ടിലാണ‌് സിനിമാരംഗത്തുള്ള ലാലിന്റെ ചില സുഹൃത്തുക്കള്‍ രംഗത്തുവന്നത‌്.

സിനിമാരംഗത്ത‌് സജീവമായി നില്‍ക്കുന്ന ഒരാള്‍പോലും ഇക്കൂട്ടത്തിലില്ല. ലാലുമായുള്ള അടുപ്പം പറഞ്ഞ‌് മുതലെടുപ്പ‌് നടത്തുകയാണ‌് ഇവരുടെ തന്ത്രം. അതേസമയം, സിനിമയില്‍ ഇപ്പോഴും സജീവമായ മേജര്‍ രവിയെപ്പോലുള്ളവര്‍ മോഹന്‍ലാല്‍ ഒരിക്കലും രാഷ്ട്രീയത്തിലേക്ക‌് വരില്ലെന്ന‌് വ്യക്തമാക്കി.

അച്ഛനമ്മമാരുടെ പേരിലുള്ള ഒരു ട്രസ്റ്റിന്റെ ആവശ്യത്തിന‌് മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത‌ുമുതലാണ‌് മോഹന്‍ലാലിനെ ബിജെപിക്കാരനാക്കി പ്രചാരണം തുടങ്ങിയത‌്. മോഹന്‍ലാല്‍ വരില്ലെന്ന‌് ഉറപ്പായ സ്ഥിതിക്ക‌് മറ്റു വഴി നോക്കാനുള്ള നീക്കം ആര്‍എസ‌്‌എസ‌് ആരംഭിച്ചു. കുമ്മനം രാജശേഖരനും സ്ഥാനാര്‍ഥിക്കാര്യത്തില്‍ വിസമ്മതം അറിയിച്ചതായാണ‌് സൂചന. തിരുവനന്തപുരത്ത‌് സ്ഥാനാര്‍ഥിയാകാന്‍ കെ സുരേന്ദ്രന്‍, പി എസ‌് ശ്രീധരന്‍ പിള്ള, സുരേഷ‌് ഗോപി എന്നിവരാണ‌് നിലവില്‍ ബിജെപിയില്‍ ചരടുവലി നടത്തുന്നത‌്.

NO COMMENTS