നരേന്ദ്ര മോഡി സർക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ‌് കേന്ദ്ര ബജറ്റെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍

151

നരേന്ദ്ര മോഡി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന‌് തൊട്ടുമുമ്ബ‌് നല്‍കിയ പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ‌് കേന്ദ്ര ബജറ്റെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ‘നവകേരള നിര്‍മിതിയും കേരള ബജറ്റും’ സെമിനാര്‍ ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

2014ലെ തെരഞ്ഞെടുപ്പില്‍ വാഗ‌്ദാനങ്ങള്‍ കുത്തിനിറച്ച പ്രകടനപത്രികയുമായി ബിജെപി ജനങ്ങളെ പറ്റിച്ചു. വാഗ്ദാനങ്ങളൊന്നും അവര്‍ പാലിച്ചില്ല. അഞ്ചു വര്‍ഷത്തിനുശേഷം വീണ്ടും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണ‌്. പ്രകടനപത്രിക നടപ്പാക്കാനുള്ളതല്ലെന്നും തെരഞ്ഞെടുപ്പില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ മാത്രമാണെന്നുമാണ‌് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ പറയുന്നത‌്. ബിജെപി സര്‍ക്കാരിന്റെ പദ്ധതികള്‍ക്കും വാഗ്ദാനങ്ങള്‍ക്കുംപിന്നിലെ മനഃശാസ‌്ത്രം ഇതാണ‌്. കള്ളപ്പണം പിടികൂടി ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കും എന്ന വാഗ്ദാനംമാത്രം മതി ഇവരുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം മനസ്സിലാക്കാന്‍.

തൊഴിലാളികള്‍ക്കും മധ്യവര്‍ഗത്തിനും ചിലസഹായങ്ങള്‍ നല്‍കും എന്ന പ്രതീതി ഉണര്‍ത്തുന്നതാണ‌് കേന്ദ്ര ബജറ്റ‌്. യഥാര്‍ഥത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന, സമസ്ത മേഖലകളെയും തകര്‍ക്കുന്നതാണ‌് ബജറ്റ‌്. കര്‍ഷകര്‍ക്കുവേണ്ടി പ്രഖ്യാപിച്ച പദ്ധതിതന്നെ ഇതിനുള്ള ഉദാഹരണം.

കര്‍ഷകര്‍ക്ക‌് പ്രതിവര്‍ഷം ആറായിരം രൂപ പെന്‍ഷന്‍ നല്‍കുന്ന പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട‌്. എന്നാല്‍, ഇതിലധികം പണം കേരളം ഇപ്പോള്‍ത്തന്നെ നല്‍കുന്നുണ്ട‌്.ഇന്ത്യയിലെ യുവാക്കള്‍ തൊഴിലന്വേഷകരല്ലെന്നും തൊഴില്‍ ദായകരാണെന്നുമാണ‌് ബജറ്റ‌് പറയുന്നത‌്. എന്നാല്‍, നാല്‍പ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ‌് രാജ്യത്ത‌് അനുഭവപ്പെടുന്നത‌്. രണ്ടുകോടി തൊഴില്‍ദിനങ്ങള്‍ വാഗ്ദാനംചെയ്ത‌് അധികാരത്തിലേറിയ സര്‍ക്കാരാണിതെന്നോര്‍ക്കണം.

നിരോധിച്ച നോട്ടിന്റെ 99.3 ശതമാനവും തിരിച്ചെത്തിക്കഴിഞ്ഞു. എന്നിട്ടും കള്ളപ്പണം ഇല്ലാതാക്കാന്‍ നടപ്പാക്കിയ നോട്ട‌്നിരോധനം വിജയമാണെന്നാണ‌് ബജറ്റ‌് പറയുന്നത‌്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള ഒരുനടപടിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. കേരളത്തെ പൂര്‍ണമായി അവഗണിച്ച ബജറ്റാണിത‌്.

കേരളത്തിന‌് പ്രളയക്കെടുതി പാക്കേജ‌് അനുവദിച്ചിട്ടില്ല. പ്രകൃതിദുരന്ത സംസ്ഥാനമായി പ്രഖ്യാപിക്കാത്തതിനാല്‍ കര്‍ഷകര്‍ക്ക‌് കേന്ദ്രത്തിന്റെ പലിശയിളവ‌് ലഭിക്കില്ല. ഇക്കുറിയും എയിംസ‌് അനുവദിച്ചില്ല. കഞ്ചിക്കോട‌് റെയില്‍ ഫാക്ടറിക്ക‌് വകയിരുത്തിയത‌് വെറും പതിനായിരം രൂപ മാത്രം. അതേസമയം പറയുന്ന കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കുന്നതാണ‌് കേരള ബജറ്റ‌്.

എല്‍ഡിഎഫിന്റെ പ്രകടനപത്രിക പ്രചാരണത്തിനുവേണ്ടി മാത്രമുള്ളതല്ല. നടപ്പാക്കാനുള്ളതാണ‌്. ഓരോ ബജറ്റിലും പ്രഖ്യാപിക്കുന്ന പദ്ധതികള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെട്ടവയാണ‌്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഈ സര്‍ക്കാരിന്റെ വികസന നയം പ്രഖ്യാപിക്കുന്നതാണ‌്. പ്രകടനപത്രിക, നയ പ്രഖ്യാപന പ്രസംഗം എന്നിവയെ ചേര്‍ത്തുവച്ചുവേണം നമ്മുടെ ബജറ്റിനെ വായിക്കാന്‍.

കേരള ബജറ്റ‌് വിലക്കയറ്റത്തിന‌് കാരണമാകുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ‌്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള പദ്ധതികള്‍ ബജറ്റിലുണ്ട‌്. 1755 കോടി രൂപ വിപണിയിലിടപെടാന്‍ വകയിരുത്തിയത‌് ഇതിനായാണെന്ന‌് മുഖ്യമന്ത്രി പറഞ്ഞു.സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി.

NO COMMENTS