തിരുവനന്തപുരം: സാമൂഹിക പുരോഗതിയിൽ മതങ്ങളെക്കാൾ ഏറെ സ്വാധീനം ചെലുത്തിയത് ശാസ്ത്രമാണെന്ന് സംസ്ഥാന ഇലക്ഷൻ കമ്മിഷണർ എ. ഷാജഹാൻ ഐ.എ.എസ്. മനുഷ്യന്റെ അർപ്പണബോധവും അന്വേഷണത്വരയും ലോകത്തെ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം നാഷണൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാം ഇൻഡക്റ്റോ നാഷണൽ-2023″ ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം ബഹുദൂരം മുന്നിലാണെന്നും ചന്ദ്രയാൻ, ആദിത്യ എന്നിവ ശാസ്ത്ര പുരോഗതി യുടെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികൾ ശാസ്ത്രസാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി സമൂഹത്തെ മുന്നോട്ട് നയിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രോഗ്രാമിനിടെ നാഷണൽ കോളേജിൽ ആരംഭിച്ച ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സ്റ്റഡി സെന്റർ വിദ്യാർഥികളുമായി വൈസ് ചാൻസിലർ ഡോ മുബാറക്ക് ബാഷ സംവദിച്ചു. നാഷണൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്. എ. ഷാജഹാൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ജസ്റ്റിൻ ഡാനിയേൽ, അസാപ്പ് സോഫ്റ്റ് സ്കിൽ ട്രെയിനർ ഫാത്തിമത് ഷാന സിൻ, സ്റ്റാഫ് അഡ്വൈസർ എ ഉബൈദ് എന്നിവർ സംസാരിച്ചു.
അക്കാഡമിക് കോർഡിനേറ്റർ ഫാജിസ ബിവി, ചന്ദ്രമോഹൻ, വകുപ്പ് മേധാവിമാരായ ഷിബിത, ഡോ. മുഹമ്മദ് ഫാസിൽ, ഡോ. അനിത, ഡോ. ആൽവിൻ, രാഖി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സുരേഷ് കുമാർ, എസ്.എൻ എന്നിവർ പങ്കെടുത്തു.