കൊച്ചി: എറണാകുളം മഹാരാജാസ് കോളെജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍.എല്‍.ബീനയെ സ്ഥലംമാറ്റി. തലശേരി ബ്രണ്ണന്‍ കോളജിലേക്കാണ് സ്ഥലംമാറ്റം. എസ്‌എഫ്‌ഐ സമ്മര്‍ദത്തെത്തുടര്‍ന്നാണ് നടപടി. ക്യാംപസില്‍ പ്രിന്‍സിപ്പലിന്റെ നിലപാടുകള്‍ക്കെതിരെ എസ്‌എഫ്‌ഐ പ്രതിഷേധത്തിലായിരുന്നു. പ്രൊമോഷനില്ലാതെയാണ് ബീനയെ സ്ഥലം മാറ്റിയിരിക്കുന്നത്. കൊടുവള്ളി ഗവ. കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. പി എസ്. അജിതയാണ് മഹാരാജാസിലെ പുതിയ പ്രിന്‍സിപ്പല്‍. വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. എന്‍.എല്‍. ബീനയെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് അന്വേഷണ കമ്മീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ജെ. ലൈലാദാസാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോളെജ് കാമ്ബസിലുണ്ടായ പ്രശ്നങ്ങളെ പക്വതയോടെയും ഉത്തരവാദിത്വത്തോടെയും കൈകാര്യം ചെയ്യാന്‍ പ്രിന്‍സിപ്പലിന് സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അതേസമയം, ഇപ്പോഴത്തെ സ്ഥലം മാറ്റം കാലാവധി തീര്‍ന്നത് കൊണ്ടാണെന്നും സ്വാഭാവിക നടപടിയാണെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നത്. ആണ്‍കുട്ടികളുടെ ചൂട് പറ്റാനാണ് പെണ്‍കുട്ടികള്‍ വരുന്നതെങ്കില്‍ കാമ്ബസിലേക്ക് വരേണ്ടതില്ലെന്ന പ്രിന്‍സിപ്പലിന്റെ പരാമര്‍ശമാണ് പ്രതിഷേധത്തിന് വഴിവെച്ചത് എന്നാണ് ആക്ഷേപം.