തിരുവനന്തപുരം: കേരളതീരത്ത് നാശം വിതച്ച് പിന്‍വാങ്ങി ലക്ഷദ്വീപിലേക്ക് കടന്ന ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു. ലക്ഷദ്വീപിലെത്തിയ കാറ്റ് മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗം കൈവരിച്ച് അതിതീവ്ര വിഭാഗത്തിലേക്ക് മാറിയിട്ടുണ്ട്. കാറ്റ് പിന്‍വാങ്ങിയെങ്കിലും കേരളത്തില്‍ ഇന്ന് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോവരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
കൂറ്റന്‍ തിരമാലകള്‍ ഉണ്ടാവാമെന്നതിനാല്‍ തന്നെ കടല്‍ത്തീരത്തേക്കുള്ള യാത്രകളും ഒഴിവാക്കാന്‍ അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.
ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ലക്ഷദ്വീപില്‍ ഇതിനോടകം തന്നെ കാറ്റ് നാശം വിതച്ചിട്ടുണ്ട്. കല്‍പേനിയില്‍ തയാറാക്കിയ ഹെലിപ്പാഡും കരയിലേക്ക് തിരയടിച്ചു കയറാതിരിക്കാന്‍ ഒരുക്കിയ സംവിധാനങ്ങളും കനത്ത തിരയില്‍ തകര്‍ന്നു.
കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍ നിറുത്തിവച്ചു. മിനിക്കോയിയിലും കല്‍പേനിയിലും അഞ്ചു വീതം മത്സ്യബന്ധന ബോട്ടുകള്‍ മുങ്ങിപ്പോയി. മിനിക്കോയ്, കല്‍പേനി, കവരത്തി, ആന്‍ഡ്രോത്ത്, അഗതി, അമിനി, കടമത്, കില്‍ട്ടന്‍, ബിത്ര, ചെത്‌ലത്ത് എന്നിവിടങ്ങളില്‍ 7.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയടിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.