കശ്മീര്‍: പാകിസ്താന്‍ ഇന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതിര്‍ത്തിയില്‍ പാക്സേന നടത്തിയ ആക്രമണത്തില്‍ ആറ് നാട്ടുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെ അര്‍ദ്ധരാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി രണ്ടു തവണ പാകിസ്താന്‍ യാതൊരു പ്രകോപനവും കൂടാതെ ഷെല്ലാക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ആക്രമിച്ച ആര്‍എസ് പുരയില്‍ തന്നെയാണ് ഇപ്പോഴും പ്രകോപനം ഉണ്ടായിരിക്കുന്നത്. 120 എംഎം മോര്‍ട്ടാര്‍ ഷെല്ലുകളാണ് പതിച്ചതെന്നും ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും ഇന്ത്യ ആരോപിച്ചു. മിന്നലാക്രമണത്തിന് പിന്നാലെ പാകിസ്താന്‍ ഇന്ത്യന്‍ സൈന്യത്തെ തുടര്‍ച്ചയായി പ്രകോപിപ്പിച്ചു വരികയാണ്.
ആക്രമണത്തില്‍ ഇതുവരെ 26 നാട്ടുകാര്‍ക്ക് പരിക്കേറ്റിരുന്നു. ഒരു ജവാന്‍ കൊല്ലപ്പെടുകയും മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം വെടിനിര്‍ത്തല്‍ ലംഘിച്ച് ആദ്യം വെടിവെയ്ക്കുന്നത് ഇന്ത്യയാണെന്നാണ് പാക് ആരോപണം. പാകിസ്താന്‍ പ്രകോപനമില്ലാതെ വെടിവെയ്പ്പ് തുടരുന്ന സാഹചര്യത്തില്‍ എങ്ങിനെ പ്രതികരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്നാണ് അതിര്‍ത്തിസേന പറയുന്നത്. ഇന്ത്യാ-പാക് രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന 27 പാക് സൈനിക പോസ്റ്റുകളും 18 നിരീക്ഷണ കേന്ദ്രങ്ങളും തകര്‍ത്തതായി കഴിഞ്ഞ ദിവസം ബിഎസ്‌എഫ് പറഞ്ഞത്.