ഐ എസ്‌ ആര്‍ ഒയുടെ രണ്ടാം ചാന്ദ്രദൗത്യം ലക്ഷ്യമിടുന്നത് ചന്ദ്രനിലെ ഹീലിയം – മൂന്ന് ഐസോടോപ്പിന്റെ സാധ്യതകളാണെന്ന് റിപ്പോര്‍ട്ട്.

303

ന്യൂഡല്‍ഹി: മാലിന്യമുക്തമായ ഊര്‍ജസ്രോതസ്സ് എന്നാണ് ഹീലിയത്തെ കണക്കാക്കുന്നത്. ഇതിന്റെ ഖനന സാധ്യകള്‍ ചന്ദ്രയാന്‍ -2 ന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഭൂമിയേപ്പോലെ കാന്തികമണ്ഡലത്തിന്റെ രക്ഷാകവചമില്ലാത്തതിനാല്‍, സൗരവാതത്തിന്റെ സ്വാധീനം മൂലമാണ് ചന്ദ്രനില്‍ ഹീലിയം -മൂന്ന് നിക്ഷേപിക്കപ്പെടുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചന്ദ്രനില്‍ സുലഭമായി കാണുന്ന ഒന്നാണ് ഹീലിയം-മൂന്ന് ഐസോടോപ്പ്. ചന്ദ്രനില്‍ ഏകദേശം 10 ലക്ഷം മെട്രിക് ടണ്‍ ഹീലിയം-മൂന്നിന്റെ നിക്ഷേപമുണ്ടെന്നാണ് കണക്ക്.

ഇതിന് ഒരു ടണ്ണിന് ഏകദേശം 500 കോടി ഡോളറാണ് നിലവില്‍ മൂല്യമായി കണക്കാക്കുന്നത്. ഇതില്‍ കാല്‍ പങ്കോളം ഭൂമിയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ഇപ്പോഴത്തെ ഊര്‍ജ ഉപഭോഗം കണക്കിലെടുത്താല്‍ ചന്ദ്രനിലെ ഹീലിയം-മൂന്ന് പൂര്‍ണമായും ഉപയോഗിക്കാന്‍ സാധിച്ചാല്‍, മൂന്ന് നൂറ്റാണ്ടോളം ഭൂമിയിലെ ഊര്‍ജാവശ്യം നിറവേറ്റാന്‍ സാധിക്കുമെന്ന് കരുതപ്പെടുന്നു. അതിനാല്‍ തന്നെ ആ ഊര്‍ജസ്രോതസ്സിനെ ഭൂമിയിലെത്തിക്കാന്‍ ശേഷി നേടുന്നത് ഏതു രാജ്യമാണോ അത് വലിയ നേട്ടമാണ് കൈവരിക്കുക. ഇക്കാര്യം മുന്നില്‍ കണ്ടാണ് ഐഎസ്‌ആര്‍ഒയുടെ ചുവടുവെപ്പ്.

നിലവിലെ സാങ്കേതിക വിദ്യകൾ ഹീലിയം – മൂന്നിനെ ഭൂമിയിലെത്തിക്കാന്‍ പര്യാപ്തമല്ല. ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടറുകളില്‍ ഊര്‍ജോത്പാദനം എളുപ്പമാക്കാന്‍ ഹീലിയം-മൂന്നിന് സാധിക്കും.ചന്ദ്രയാന്‍-2 വിജയമായാല്‍ ഈ നൂറ്റാണ്ടില്‍ ചന്ദ്രനില്‍ പര്യവേക്ഷണത്തിന് റോബോട്ടിക് റോവറിനെ അയച്ച രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും. ബഹിരാകാശ മേഖലയില്‍ ഇന്ത്യ നിര്‍ണായക ലോകശക്തിയായി മാറാന്‍ ഇത് വഴിയൊരുക്കും. നിലവില്‍ റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രനില്‍ പര്യവേക്ഷണം നടത്തിയിട്ടുള്ളത്.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ വിക്ഷേപണം നടക്കും. 15 മിനിറ്റിനുള്ളില്‍ പേടകം ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. തുടര്‍ന്നുള്ള ദിവസങ്ങള്‍ ഘട്ടംഘട്ടമായി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കണം. സെപ്റ്റംബര്‍ ആറിനോ ഏഴിനോ ചന്ദ്രയാന്‍-2ലെ ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങും. ഇതുവരെ ആരും കടന്നുചെല്ലാത്ത ദക്ഷിണധ്രുവത്തിലാണ് പര്യവേക്ഷണമെന്നതും ശ്രദ്ധേയമാണ്. ദക്ഷിണ ധുവത്തില്‍ കൂടുതല്‍ വെള്ളത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്. ചന്ദ്രയാന്‍-2 പേടകത്തിന് 3.8 ടണ്ണാണ് ഭാരം. 603 കോടി രൂപയാണ് പേടകത്തിന്റെ ചിലവ്, വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് റോക്കറ്റിന് 375 കോടി രൂപയും.

NO COMMENTS