ലണ്ടന്‍ • ബ്രിട്ടനിലെ ടെസ്കോ ഗ്രൂപ്പിന്റെ ബാങ്കില്‍നിന്നും ഹാക്കര്‍മാര്‍ കൊള്ളയടിച്ചത് ഇരുപതിനായിരത്തിലേറെ അക്കൗണ്ടുകള്‍. ശനിയാഴ്ച മുതലാണ് ടെസ്കോയുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഹാക്കര്‍മാരുടെ തിരിമറി ദൃശ്യമായി തുടങ്ങിയത്. ഇതിനു പിന്നാലെ ബാങ്കില്‍നിന്നും അക്കൗണ്ടുകളില്‍ സംശയകരമായ ഇടപാടുകള്‍ നടക്കുന്നതിനാല്‍ ശ്രദ്ധിക്കണമെന്ന സന്ദേശംകൂടി ഇടപാടുകാര്‍ക്ക് ലഭിച്ചതോടെ ആളുകള്‍ കൂടുതല്‍ പരിഭ്രാന്തരായി. പണം നഷ്ടമാകാതിരിക്കാന്‍ ബാങ്ക് ഒട്ടേറെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. മൂവായിരം പൗണ്ടുവരെ ഹാക്കര്‍മാര്‍ കൊണ്ടുപോയ അക്കൗണ്ടുകളിലുണ്ട്. ആളുകള്‍ കൂട്ടത്തോടെ ഫോണ്‍ വിളി തുടങ്ങിയതോടെ ഹെല്‍പ് ലൈനുകള്‍ നിശ്ചലമായി. ഇത് സ്ഥിതിഗതികള്‍ കൂടുതള്‍ ആശങ്കാജനകമാക്കി. തട്ടിപ്പിന് ഇരയായ എല്ലാവര്‍ക്കും 24 മണിക്കൂറിനകം നഷ്ടപ്പെട്ട പണം തിരിച്ചു നല്‍കുമെന്ന് ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ബെന്നി ഹിഗിന്‍സ് അറിയിച്ചു. നാല്‍പതിനായിരത്തോളം അക്കൗണ്ടുകളിലാണ് സംശയകരമായ രീതിയില്‍ ഇടപാടുകള്‍ നടത്താന്‍ ശ്രമിച്ചതെന്നും ഇതില്‍ പകുതിയോളം അക്കൗണ്ടുകളില്‍നിന്നും പണം നഷ്ടമായെന്നും അദ്ദേഹം വിശദീകരിച്ചു. ഏതെങ്കിലും ഒരു ബ്രിട്ടീഷ് ബാങ്കിനുമേല്‍ നടക്കുന്ന ഏറ്റവും വലിയ സൈബര്‍ ആക്രമണമാണിത്.
ഇടപാടുകള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിച്ചു തുടങ്ങാമെന്നും സാധനങ്ങള്‍ വാങ്ങാമെന്നും അറിയിപ്പുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ബാങ്കിങ്ങിന് നിയന്ത്രണം തുടരുകയാണ്. ഇടപാടുകാര്‍ക്കുണ്ടായ ആശങ്കയിലും അസൗകര്യത്തിനും ചീഫ് എക്സിക്യൂട്ടീവ് മാപ്പു പറഞ്ഞു. എഴുപതു ലക്ഷത്തിലേറെ അക്കൗണ്ടുകളും നാലായിരത്തോളം ജീവനക്കാരുമുള്ള ടെസ്കോ ബാങ്ക്, എഡിന്‍ബറോ, ന്യൂകാസില്‍, ഗ്ലാസ്കോ എന്നീ സ്കോട്ടീഷ് നഗരങ്ങള്‍ ആസ്ഥാനമായാണ് മുഖ്യമായും പ്രവര്‍ത്തിക്കുന്നത്. അക്കൗണ്ടുകള്‍ കൊള്ളയടിക്കപ്പെട്ടവര്‍ക്ക് പണം തിരികെ നല്‍കുന്നതിനൊപ്പം നഷ്ടപരിഹാരമായി 25 പൗണ്ടുവീതം അധികവും ബാങ്ക് നല്‍കുന്നുണ്ട്. എന്താണ് യഥാര്‍ധത്തില്‍ സംഭവിച്ചതെന്ന് ബാങ്ക് മനസിലാക്കിയിട്ടുണ്ടെന്നും പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ഇതേക്കുറിച്ച് പരസ്യപ്രതികരണത്തിനില്ലെന്നും ബാങ്ക് മേധാവി വ്യക്തമാക്കി.