പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എ.കെ.ആന്റണി

190

തിരുവനന്തപുരം : കേരളം കണ്ട ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. പ്രളയ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും വിവിധ ഏജന്‍സികള്‍ തമ്മില്‍ മെച്ചപ്പെട്ട ഏകോപനം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ദിരാഭവനില്‍ ചേര്‍ന്ന രാജീവ്ഗാന്ധി ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു- കാശ്മീരില്‍ പ്രളയം ഉണ്ടായപ്പോല്‍, ഇതു ദേശീയ ദുരന്തത്തിനു സമാനമാണെന്നു കേന്ദ്രം പ്രഖ്യാപിക്കുകയും ആയിരം കോടി രൂപ ഉടനടി അനുവദിക്കുകയും ചെയ്തിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രത്തില്‍ നിന്നു മാത്രമല്ല, മറ്റു രാജ്യങ്ങളില്‍ നിന്നും ഐക്യരാഷ്ട്രസംഘടയില്‍ നിന്നും കൂടുതല്‍ സാമ്പത്തിക സഹായം ലഭിക്കുമെന്ന് ആന്റണി പറഞ്ഞു.
പ്രളയകാലത്ത് ജനങ്ങളുടെ വലിയ കൂട്ടായ്മ കാണാന്‍ സാധിച്ചു. മലയാളികള്‍ താമസിക്കുന്ന എല്ലാ സ്ഥലങ്ങളില്‍ നിന്നും സഹായം പ്രവഹിക്കുകയാണ്. പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചാല്‍ കൂടുതല്‍ സഹായം എല്ലായിടത്തുനിന്നും കിട്ടും. സംസ്ഥാനം തകര്‍ന്നു കിടക്കുകയാണ്. കൃഷിയും വ്യവസായവുമൊക്കെ നിലംപൊത്തി. കേന്ദ്രം പ്രഖ്യാപിച്ച 600 കോടി രൂപകൊണ്ട് കേരളത്തിന് ഇപ്പോള്‍ ഒന്നുമാകില്ല. സംസ്ഥാനം നേരെ നില്ക്കണമെങ്കില്‍ പതിന്മടങ്ങ് ഉദാരമായ സംഭാവനയും സഹായവും വേണമെന്ന് ആന്റണി ചൂണ്ടിക്കാട്ടി.

കേരളത്തെ സഹായിക്കാന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രത്യേക താത്പര്യമെടുത്തു. എല്ലാ പിസിസികള്‍ക്കും അദ്ദേഹം നിര്‍ദേശം നല്കി. കോണ്‍ഗ്രസ് എംപിമാരോടും എംഎല്‍എമാരോടും ഒരു മാസത്തെ ശമ്പളം കേരളത്തിനു നല്കണമെന്ന് ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ അവരുടെ അലവന്‍സിന്റെ ഒരു ഭാഗം നല്കണം. രാജീവ് ഗാന്ധി പ്രധാനമന്ത്രിയും എഐസിസി അധ്യക്ഷനുമായിരുന്നപ്പോള്‍ രാജ്യത്ത് പ്രളയവും വരള്‍ച്ചയും നേരിട്ട ഭരണപാടവം എല്ലാ ഭരണാധികാരികള്‍ക്കും മാതൃകയാണെന്ന് ആന്റണി പറഞ്ഞു.

NO COMMENTS